കൊട്ടിയൂർ പീഡനം: രണ്ടാം പ്രതി തങ്കമ്മയും കീഴടങ്ങി
text_fieldsപേരാവൂർ(കണ്ണൂർ): കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. ശനിയാഴ്ച രാവിലെ 6.20ഓടെ പേരാവൂര്‍ സി.െഎ ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ഹൈകോടതി നിര്ദേശെത്ത തുടര്‍ന്നാണ് അവസാനദിവസമായ ഇന്നലെ അവര്‍ കീഴടങ്ങിയത്.
ഹാജരാകുന്ന അന്നുതന്നെ ജാമ്യം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യപ്രതിയായ ഫാ. റോബിന് വടക്കുംചേരിയുടെ പ്രധാന സഹായിയായിരുന്നു കൊട്ടിയൂര്‍ സ്വദേശിനിയായ മാതൃവേദി അംഗം കൂടിയായ തങ്കമ്മ. കുഞ്ഞിനെ മാറ്റുന്നതിനടക്കം കുറ്റം മറച്ചുവെക്കുന്നതിന് ഫാ. റോബിന് വടക്കുംചേരിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തുവെന്നതാണ് തങ്കമ്മക്കെതിരെയുള്ള കേസ്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. ഓട്ടോയില്‍ മറ്റൊരാള്‍ക്കൊപ്പമാണ് തങ്കമ്മ കീഴടങ്ങാന്‍ എത്തിയത്.
സി.ഐ എൻ. സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തെങ്കിലും ഇവർ സഹകരിച്ചില്ലെന്നാണ് അറിയുന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരിയിലെ അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കി.
കോടതി തങ്കമ്മയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാനും ആഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിലെത്തി ഒപ്പിടാനും കോടതി നിർദേശിച്ചു.
കേസിലെ പ്രതികളായ വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
തങ്കമ്മയുടെ മകള്‍ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവര്‍ ഹൈകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വാദംകേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.