കൊട്ടിയൂർ പീഡനം: ഫാ. തേരകവും കന്യാസ്ത്രീകളും കീഴടങ്ങി
text_fieldsപേരാവൂർ (കണ്ണൂർ): കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച മൂന്നു പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂർ സി.ഐ എൻ. സുനിൽകുമാറിനു മുമ്പാകെ കീഴടങ്ങി. വയനാട് ശിശുേക്ഷമസമിതി മുൻ ചെയർമാൻ ഫാദർ തോമസ് ജോസഫ് തേരകം, ശിശുേക്ഷമസമിതി അംഗമായിരുന്ന സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി അനാഥാലയം ഡയറക്ടർ സിസ്റ്റർ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്.
മൂന്ന് പ്രതികളെയും പിന്നീട് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടു. കേസിൽ മാതൃവേദി അംഗമായ തങ്കമ്മ നെല്ലാനിയും കീഴടങ്ങിയ മൂന്ന്പേരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച ഹൈകോടതി ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മൂന്നുപേർ കീഴടങ്ങിയത്.
ജാമ്യാപേക്ഷ പരിഗണിക്കവെ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്ക്കുന്നതെല്ലന്ന് നിരീക്ഷിച്ച ഹൈകോടതി നാല്പേരോടും അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ മുമ്പാകെ കീഴടങ്ങാനും ചോദ്യംചെയ്യലിനുശേഷം കോടതി ജാമ്യം അനുവദിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കീഴടങ്ങാനുള്ള സമയപരിധി വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ അവസാനിക്കാനിരിക്കെയാണ് വൈദികനും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 6.15ഓടെ ഫാ. തേരകമാണ് ആദ്യം സ്റ്റേഷനിലെത്തിയത്. പിന്നാലെ സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും ഏഴുമണിക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു.
കീഴടങ്ങിയതിനുശേഷം പ്രതികളുടെ മൊഴി രേഖപ്പെടുത്തി. അതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഫാ. തേരകം അരമണിക്കൂറോളം താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച മൂന്ന്പേരെയും കോടതിയിൽ ഹാജരാക്കി. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കേസിലെ രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങിയില്ല.
പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ അനാഥാലയത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാ. തോമസ് തേരകത്തിനും മറ്റും എതിരെ കേസെടുത്തത്. രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. 30,000 രൂപ കെട്ടിവെക്കാനും കോടതി നിർദേശിച്ചു. രണ്ടാം പ്രതിയായ തങ്കമ്മ ഇന്ന് കീഴടങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.