കൊട്ടിയൂർ പീഡനം: പെൺകുട്ടി മൊഴി മാറ്റി; വൈദികനുമായി ബന്ധപ്പെട്ടത് സ്വന്തം ഇഷ്ടപ്രകാരം
text_fieldsതലശ്ശേരി: കൊട്ടിയൂരിൽ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിെൻറ വിചാരണ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ‌് കോടതി (ഒന്ന‌്) മുമ്പാകെ ബുധനാഴ്ച തുടങ്ങി. സ്വന്തം താൽപര്യപ്രകാരമാണ‌് വൈദികനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സർട്ടിഫിക്കറ്റിലുള്ളതല്ല യഥാർഥ പ്രായമെന്നും പെൺകുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു. പീഡനത്തിന് ഇരയായെന്ന് മജിസ‌്ട്രേറ്റ് മുമ്പാകെ നേരത്തേ മൊഴി നൽകിയത് ഭീഷണിയെ തുടർന്നാണെന്നും വൈദികനുമൊത്തുള്ള ജീവിതമാണ‌് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി ബോധിപ്പിച്ചു. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. വയസ്സ് തെളിയിക്കാനുള്ള ശാസ‌്ത്രീയ പരിശോധനക്ക് പെൺകുട്ടി വിസമ്മതിച്ചു.
സർട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കിൽ വയസ്സ് തെളിയിക്കാനുള്ള ശാസ‌്ത്രീയ പരിശോധനക്ക‌് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന‌് സമ്മതമല്ലെന്നായിരുന്നു മറുപടി. വ്യാഴാഴ‌്ച പെൺകുട്ടിയുടെ പിതാവ്, മാതാവ് എന്നിവരെ വിസ്തരിക്കും. കേസിൽ 54 സാക്ഷികളാണുള്ളത‌്. ബുധനാഴ‌്ച വിചാരണ ആരംഭിച്ചപ്പോൾ പ്രതികളായ തൊക്കിലങ്ങാടി ക്രിസ‌്തുരാജ ആശുപത്രിയിലെ ഡോ.സിസ‌്റ്റർ ടെസി ജോസ‌്, ആശുപത്രി അഡ‌്മിനിസ‌്ട്രേറ്റർ സിസ‌്റ്റർ ആൻസി, പീഡിയാട്രീഷ്യൻ ഡോ.ഹൈദരലി എന്നിവരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ കാര്യം പ്രതിഭാഗം കോടതി മുമ്പാകെ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവ‌് വിചാരണ കോടതിയിലെത്തുംവരെ ഇവർ വിചാരണ നേരിടണം. പെൺകുട്ടിയെ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. തങ്കമ്മ നെല്ലിയാനി, സിസ‌്റ്റർ ലിസ്മരിയ, സിസ‌്റ്റർ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ‌്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫൻറ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ‌്റ്റർ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പത്ത‌് പ്രതികളും കോടതി മുമ്പാകെ വിചാരണക്ക് ബുധനാഴ്ച ഹാജരായിരുന്നു.
കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെയാണ‌് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി പൊലീസ് പിടിയിലായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക‌് പ്രോസിക്യൂട്ടർ അഡ്വ. ബി.പി. ശശീന്ദ്രൻ, സ‌്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത‌്, പ്രോസിക്യൂട്ടർ അഡ്വ.സി.കെ. രാമചന്ദ്രൻ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി െവവ്വേറെ അഭിഭാഷകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.