കൊട്ടിയൂർ പീഡനക്കേസ്: പീഡിപ്പിച്ച വൈദികനെ വിവാഹം ചെയ്യണമെന്ന ഇരയുടെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ബലാത്സംഗം ചെയ്തതിന് ജയിൽശിക്ഷ അനുഭവിക്കുന്ന കത്തോലിക്ക വൈദികനെ വിവാഹം ചെയ്ത് തെൻറ കുഞ്ഞിെൻറ പിതൃത്വത്തിന് നിയമസാധുത നൽകണമെന്ന കണ്ണൂർ കൊട്ടിയൂരിലെ ഇരയുെട ആവശ്യം സുപ്രീംകോടതി തള്ളി.
ഇരയോടൊത്ത് ജീവിക്കാൻ ശിക്ഷ റദ്ദാക്കുകയോ ജാമ്യം അനുവദിക്കുക്കയോ ചെയ്യണമെന്ന ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ഹരജിയും ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേഷ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. വേണമെങ്കിൽ കേരള ഹൈകോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2016ൽ കൊട്ടിയൂര്‍ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യൻസ് പള്ളിമേടയില്‍ വെച്ച് പള്ളിവികാരി ഫാ. റോബിന് വടക്കുഞ്ചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ ഇദ്ദേഹത്തെ തലശ്ശേരി പോക്സോ കോടതി 60 വര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്.
മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിനതടവായി അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, 20 വർഷത്തെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ ഇരയേയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് ഫാ. റോബിന് ഹൈകോടതിയിൽ വാദിച്ചുവെങ്കിലും വിചാരണകോടതിയുടെ ശിക്ഷ ശരിവെക്കുകയാണ് ചെയ്തത്.
റോബിൻ വടക്കുഞ്ചേരിയോടൊപ്പം ജീവിക്കാൻ തയാറാണെന്ന് പെൺകുട്ടി ഹൈകോടതിയിൽ പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിനെതിരെ വൈദികനും പെൺകുട്ടിയും സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി തള്ളിയത്. തിങ്കളാഴ്ച ഇരുവരുടെയും ഹരജികൾ സുപ്രീംകോടതി ഒന്നിച്ചാണ് പരിഗണിച്ചത്. ബലാത്സംഗത്തിലുണ്ടായ കുഞ്ഞിന് നിയമസാധുത നൽകാൻ ഇര പ്രതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവർക്കുവേണ്ടി ഹാജരായ അഡ്വ. കിരൺസൂരി ബാധിപ്പിച്ചു. ഫാ. റോബിൻ വടക്കുഞ്ചേരിക്ക് വേണ്ടി ഹാജരായ അഡ്വ. അമിത് ജോർജിനോട് കക്ഷികൾക്ക് എത്ര വയസ്സായെന്ന് ബെഞ്ച് ചോദിച്ചു. ഫാ. റോബിന് 45 വയസ്സും ഇരക്ക് 25 വയസ്സുമായെന്ന് അമിത് ജോർജ് മറുപടി നൽകി.
എന്നാൽ, വിവാഹത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ആവശ്യം തള്ളിയ കേരള ഹൈകോടതി ഉത്തരവിൽ ഇടപെടാൻ ഒരുകാരണവും കാണുന്നില്ലെന്ന് ബെഞ്ച് പ്രതികരിച്ചു. എല്ലാവശങ്ങളും പരിശോധിച്ചശേഷമാണ് വിധിയെന്നും കോടതി കൂട്ടിച്ചേർത്തു.
വിവാഹം ചെയ്യാനുള്ള ഫാ. റോബിെൻറ മൗലികാവകാശം ജാമ്യഹരജിയിൽ തടയുന്നതെങ്ങനെയാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ചോദിച്ചപ്പോൾ താങ്കൾക്ക് ഹൈകോടതിയെ സമീപിക്കാം എന്ന് ബെഞ്ച് മറുപടി നൽകി. ഹൈകോടതി നടത്തിയ പരാമർശങ്ങൾ രൂക്ഷമാണെന്ന് അഡ്വ. അമിത് ജോർജ് ചൂണ്ടിക്കാണിച്ചപ്പോൾ അത് നിങ്ങളായി ക്ഷണിച്ചുവരുത്തിയതാണെന്ന് കോടതി മറുപടി നൽകി.
തുടർന്ന് കക്ഷികൾക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി രണ്ട് ഹരജികളും സുപ്രീംകാടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.