കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ സമാപിച്ചു
text_fieldsകേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ കഴിഞ്ഞ 27 ദിവസമായി നടക്കുന്ന വൈശാഖമഹോത്സവം ഇന്നലെ ചിത്തിരനാളിൽ ഭക്തിനിർഭരമായ തൃക്കലശാട്ടോടെ സമാപിച്ചു. രാവിലെ പത്തരയോടെ മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ നടന്ന തൃക്കലശാട്ടോടെയാണ് മഹോത്സവത്തിന് തിരിയണഞ്ഞത്. ഇതിന് മുന്നോടിയായി മണിത്തറയിൽ പെരുമാൾവിഗ്രഹത്തിനുമേൽ ഉത്സവാരംഭത്തിൽ നിർമിച്ച താൽക്കാലിക ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ തള്ളി.
തൃക്കലശാട്ട് ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ മഹോത്സവനഗരിയിൽ സന്നിഹിതരായി. ചടങ്ങ് നടക്കുമ്പോൾ ഭക്തരുടെ കണ്ഠങ്ങളിൽനിന്നുയർന്ന ഹരിഗോവിന്ദ കീർത്തനത്താൽ നഗരി ഭക്തിസാന്ദ്രമായി. തൃക്കലശാട്ട് കഴിഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരുടെ സംഗമകേന്ദ്രമായിരുന്ന അക്കരെ കൊട്ടിയൂർ ഉത്സവനഗരി വിജനമായി. ദിവസങ്ങളോളം പൂജിച്ച കലശങ്ങളാണ് സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം നടത്തിയത്.
അഭിഷേകകളഭം ഭക്തർക്ക് പ്രസാദമായി നൽകി. കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാട്, നന്ത്യാർവള്ളി നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ തന്ത്രിമുഖ്യന്മാർ കാർമികത്വം വഹിച്ചു. തുടർന്ന് മണിത്തറയിൽ സമൂഹ പുഷ്പാഞ്ജലി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.