കൊട്ടിയൂർ പീഡനം: പെൺകുട്ടിയുടെ പിതാവും കൂറുമാറി
text_fieldsതലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവും കൂറുമാറി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന പ്രോസിക്യൂഷൻ വിസ്താരത്തിൽ, ഭാര്യയും താനും ചേര്‍ന്നാണ് കുഞ്ഞിനെ വൈത്തിരിയിലേക്ക് കൊണ്ടുപോയതെന്നും മറ്റാരുടെയും പ്രേരണയുണ്ടായിരുന്നില്ലെന്നും പിതാവ് മൊഴിനല്‍കി. പെണ്‍കുട്ടിയും മാതാവും നേരത്തെ കൂറുമാറിയിരുന്നു.
മൊഴി മാറ്റിയ പിതാവ് കൂറുമാറിയതായും നാലും അഞ്ചും സാക്ഷികളായ പെണ്‍കുട്ടിയുടെ സഹോദരനെയും പ്രസവത്തിനായി പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും വിസ്തരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ അറിയിച്ചു. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി മുഖേന അനുവദിച്ച രണ്ട് ലക്ഷം രൂപ വാങ്ങുമ്പോഴുള്ള സ്റ്റേറ്റ്മെൻറില്‍ മകള്‍ മൈനറാണെന്ന കാര്യം ഒപ്പിട്ട് നല്‍കിയിരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ക്രോസ്‌വിസ്താരത്തില്‍ പിതാവ് സമ്മതിച്ചു.
മഹസ്സര്‍ സാക്ഷികളടക്കമുള്ളവരെ ശനിയാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രന്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത്, പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. രാമചന്ദ്രന്‍ എന്നിവരും പ്രതിഭാഗത്തിനായി അഭിഭാഷകരായ പി.വി. ഹരി, എം. അശോകന്‍, ഗ്രേഷ്യസ് കുര്യാക്കോസ്, ജോൺ സെബാസ്റ്റ്യൻ, പി. രാജന്‍ എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.