വാര്‍ത്തകള്‍ വസ്തുതവിരുദ്ധം –ഗേള്‍സ് ഹോംകെയര്‍ അധികൃതര്‍
text_fieldsവൈത്തിരി: വികാരിയുടെ ലൈംഗിക പീഡന സംഭവവുമായി തങ്ങള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളും വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ഹോളി ഇന്‍ഫന്‍റ് മേരീസ് ഗേള്‍സ് ഹോം അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആശ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫെബ്രുവരി ഏഴിന് അര്‍ധരാത്രിയോടുകൂടി പ്രവേശിപ്പിച്ച കുട്ടിയുടെ അഡ്മിഷന്‍ എട്ടിനുതന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനായി നല്‍കിയ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. കുട്ടിയെ കൊണ്ടുവന്നവര്‍ അറിയിച്ചത് കുട്ടിയുടെ മാതാവ് പ്രസവ സംബദ്ധമായ ചികിത്സയാല്‍ ആശുപത്രിയില്‍ ആണെന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍തന്നെ കുട്ടിയെ സറണ്ടര്‍ ചെയ്യാന്‍ എത്തുമെന്നുമാണ്. നവജാത ശിശുവിനെ ലഭിച്ച വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനെ ഫോണ്‍ മുഖാന്തരം അറിയിച്ചിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ മാധ്യമങ്ങളില്‍ നല്‍കിയ വാര്‍ത്ത ദൗര്‍ഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തോട് വിശദീകരണം ചോദിച്ചതായുള്ള പ്രസ്താവനയും വാസ്തവ വിരുദ്ധമാണ്. അത്തരത്തിലുള്ള ഒരു നോട്ടീസും മാര്‍ച്ച് മാസം രണ്ടാം തീയതി വരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, മാര്‍ച്ച് രണ്ടാം തീയതി കാലത്ത് 9.31ന് ഇ-മെയില്‍ മുഖാന്തരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അത്തരത്തിലുള്ള ഒരു കത്ത് അയച്ച് മുഖം രക്ഷിക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ട്. ഫെബ്രുവരി 20ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ ഡോ. സിസ്റ്റര്‍ ബെറ്റിയുടെ നിര്‍ദേശപ്രകാരം സറണ്ടര്‍ രേഖ തയാറാക്കുന്നതിന് അവര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ നവജാത ശിശുവിനെ എത്തിച്ചപ്പോള്‍ മാത്രമാണ് അവിടെവെച്ച് കുട്ടിയുടെ മാതാവിനെ കാണുന്നത്.
തുടര്‍ന്ന് കുട്ടിയുടെ മാതാവുമായി മെംബര്‍ സംസാരിക്കുകയും സറണ്ടര്‍ രേഖ നല്‍കുകയും ചെയ്തു. അതിനാല്‍തന്നെ, മാതാവിന്‍െറ പ്രായം സംബന്ധിച്ച് ഏതെങ്കിലും രീതിയില്‍ സംശയകരമായ സാഹചര്യമുണ്ടെങ്കില്‍ പൊലീസില്‍ അറിയിക്കേണ്ടത് മെംബറുടെ പൂര്‍ണമായ ഉത്തരവാദിത്തമാണ്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിക്കാനും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.