കോട്ടുമല ബാപ്പു മുസ്ലിയാർ അന്തരിച്ചു
text_fields
മലപ്പുറം: പണ്ഡിതനും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോയന്റ് സെക്രട്ടറിയുമായ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് (65) അന്തരിച്ചു. മികച്ച സംഘാടകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം കുറച്ചുനാളുകളായി രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം മലപ്പുറം കോട്ടുമല കോംപ്ളക്സിലെ പൊതുദര്‍ശനത്തിനും മയ്യിത്ത് നമസ്കാരത്തിനും ശേഷം ബുധനാഴ്ച രാവിലെ പത്തിന് പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സമസ്ത മുശാവറ അംഗം, കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, സമസ്ത ഫത്വ കമ്മിറ്റി അംഗം, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഇഖ്റഅ് പബ്ളിക്കേഷന്‍ ചെയര്മാന്, സമസ്ത കേരള ജംഇയ്യതുല്‍ മുഫത്തിശീന് പ്രസിഡന്റ്, സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ചെയര്മാന്, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാദി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ മാനേജിങ് കമ്മിറ്റി അംഗം, എം.ഇ.എ എന്‍ജിനീയറിങ് കോളജ് കമ്മിറ്റി കണ്‍വീനര്‍, വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്റസ കണ്വീനര്തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലാണ്. പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായിരുന്ന പരേതനായ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും സമസ്ത സ്ഥാപക നേതാവും സൂഫിവര്യനുമായിരുന്ന അബ്ദുല്‍ അലി കോമു മുസ്ലിയാരുടെ മകള്‍ ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1952ല്‍ മലപ്പുറം കാളമ്പാടിയില്‍ ജനിച്ച ബാപ്പു മുസ്ലിയാര് ഏറെക്കാലം സമസ്ത നേതൃനിരയില്‍ സജീവ സാന്നിധ്യമായിരുന്നു. 2012 മുതല്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനം വഹിച്ചത്. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് കാളമ്പാടി മഹല്ല് ഖാദി, പ്രസിഡന്റ്, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാദി സ്ഥാനങ്ങളും വഹിക്കുന്നു. പിതാവിന് പുറമെ കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്. ഭാര്യമാര്‍: പ്രമുഖ സൂഫിവര്യന് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകള്‍ പരേതയായ സഫിയ ഹജ്ജുമ്മ, ആയിശാബി. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, ഡോ. അബ്ദുറഹ്മാന്, ഫാത്തിമ സുഹ്റ, സൗദ, ഫൗസിയ. മരുമക്കള്‍: എന്‍.വി. മുഹമ്മദ് ഫൈസി (കടുങ്ങല്ലൂര്‍), മുഹമ്മദ് ഷാഫി (താമരശ്ശേരി), അബ്ദുസ്സലാം (കാളമ്പാടി), നൂര്ജഹാന്, മാജിദ, റുബീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.