കോവിഡ് മരണം; ബി.പി.എൽ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ വിതരണത്തിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (സി.എം.ഡി.ആർ.എഫ്) വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം. ഇതിലേക്ക് പകരം ഫണ്ട് ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പ് കലക്ടർമാർ വഴി പുതിയ വിവരശേഖരണം തുടങ്ങി. ഇനിയും എത്രപേർ ഗുണഭോക്താക്കളാകും എന്ന കണക്കെടുപ്പാണ് നടത്തുന്നത്.
കോവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽനിന്ന് 19,000 പേർ അപേക്ഷിക്കുകയും 5070 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തെങ്കിലും ആർക്കും തുക നൽകാനായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വിവിധ കലക്ടർമാർക്ക് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽനിന്ന് ചില ജില്ലകളിൽ തുക വിതരണം ചെയ്തതായി റവന്യൂ വകുപ്പ് അവകാശപ്പെടുന്നെങ്കിലും റിലീഫ് പോർട്ടലിൽ ഇതുസംബന്ധിച്ച കണക്കുകൾ ലഭ്യമല്ല.
ബി.പി.എൽ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കാണ് പ്രതിമാസം 5000 രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരവും ഇറങ്ങി. നിലവിൽ പ്രത്യേക ഫണ്ട് ഇല്ലാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തൽക്കാലം ധനസഹായം നൽകാനും പിന്നീട് ഈ സാമ്പത്തിക വർഷം മുതൽ പുതിയ ഫണ്ട് വകയിരുത്താനും സർക്കാർ തീരുമാനിച്ചു.
കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സുപ്രീംകോടതി നിർദേശപ്രകാരം 50,000 രൂപ അടിയന്തര ധനസഹായം നൽകുന്ന അപേക്ഷകൾ സമർപ്പിക്കാനായി റവന്യൂ വകുപ്പ് തയാറാക്കിയ റിലീഫ് പോർട്ടൽ വഴിയാണ് ബി.പി.എൽ കുടുംബങ്ങൾക്കുള്ള സഹായവും പരിഗണിക്കുന്നത്. റിലീഫ് പോർട്ടലുമായി ഇത് ബന്ധിപ്പിക്കാൻ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങൾ വന്നതാണ് കാരണമെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം. ഇതോടെ ബി.പി.എൽ ധനസഹായം മുടങ്ങി. അതേസമയം, 50,000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനം വഴിയാണ്. ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ഇതുവരെ 59,931 പേർക്ക് ഈ സഹായം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.