കോവിഡ്: കരുതല്‍ വേണം, രക്തബാങ്കുകള്‍ക്കും
text_fieldsകൊച്ചി: മേയ് ഒന്നു മുതല്‍ 18 വയസ്സുള്ളവര്‍ക്കും വാക്സിന് നല്‍കുന്നതോടെ രക്തക്ഷാമമുണ്ടാകുമെന്ന ആശങ്കയില്‍ സംസ്ഥാനത്തെ രക്തബാങ്കുകള്‍. 18നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് രക്തദാതാക്കളില്‍ നല്ലൊരു പങ്കും. ഇതില്‍ തന്നെ കോളജ് വിദ്യാര്‍ഥികളാണ് ഏറെയും.
ഇവര്‍ക്ക് വാക്സിനെടുത്താല്‍ ഏറെ നാളത്തേക്ക് രക്തം നല്‍കാനാവില്ലെന്ന നിയന്ത്രണമാണ് ആശങ്കക്ക് വഴി വെക്കുന്നത്.
വാക്സിനെടുത്തവര്‍ 28 ദിവസത്തിനുശേഷമേ രക്തം ദാനം ചെയ്യാവൂവെന്ന് നാഷനല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സില്‍ (എന്‍.ബി.ടി.സി) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോവാക്സിന് രണ്ടാം ഡോസ് എടുക്കുന്നതിനിടയിലുള്ള കാലയളവും 28 മുതല്‍ 48 ദിവസമാണ്. ഒരാള്‍ക്ക് രണ്ടു രക്തദാനത്തിനിടയിലെ ഇടവേള മൂന്നുമാസമാണ്. ഈ സാഹചര്യത്തില്‍ സാധാരണ ഗതിയില്‍ രക്തം നല്‍കുന്നവര്‍ക്ക് വാക്സിനെടുത്താല്‍ നാലു മാസത്തേക്ക് വീണ്ടും നല്‍കാനാവുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 179 ബ്ലഡ് ബാങ്കുകളാണുള്ളത്. ഇവ വിവിധ രക്തദാന കൂട്ടായ്മകളിലെ പ്രവര്‍ത്തകരോട് വലിയ അളവില്‍ രക്തം ശേഖരിച്ചു നല്കാന് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രമുഖ രക്തദാന കൂട്ടായ്മയായ ബ്ലഡ് ഡൊണേഷന്‍ കേരള(ബി.ഡി.കെ) രാത്രിയുൾപ്പെടെ പ്രത്യേക ക്യാമ്പുകള്‍ തുടങ്ങി. കെ.എസ്.യു ഉൾപ്പെടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളും രക്തദാന കാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ ക്ഷാമമില്ലെങ്കിലും സ്റ്റോക് കുറവാണ്.
നിലവില്‍ സ്ഥിരമായി നല്‍കുന്നവരും രക്തദാനത്തോട് പ്രത്യേക താല്പര്യമുള്ളവരുമാണ് ഏറെയും രക്തം നല്‍കുന്നത്.
കോവിഡ് ആശങ്കയെ തുടര്‍ന്ന് രക്തദാനത്തില്‍നിന്ന് പിന്മാറിയവരുമുണ്ട്. സന്നദ്ധ രക്തദാനത്തെക്കാള്‍ പുനഃസ്ഥാപന രക്തദാനമാണ് സംസ്ഥാനത്ത് കൂടുതലായും നടക്കുന്നത്. നിലവില്‍ ഒരു രോഗിക്ക് രക്തം ആവശ്യമായി വന്നാല്‍ രക്തബാങ്കിലെ സ്റ്റോക്കില്‍ നിന്നെടുക്കുകയും ഉടന്‍ രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വഴി ഈ രക്തം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതുമൂലം പലയിടത്തും സ്റ്റോക് കുറയുന്നുണ്ടെന്ന് ബി.ഡി.കെ സംസ്ഥാന ജന.സെക്രട്ടറി ജെ. സനല്‍ ലാല്‍ പറഞ്ഞു.
വാക്സിനേഷന് വ്യാപകമായാല്‍ ക്ഷാമം ഉണ്ടാകാതിരിക്കാൻ വാക്സിനെടുക്കും മുമ്പുതന്നെ രക്തം നല്കാന് മുന്നോട്ടുവരണമെന്നാണ് അഭ്യഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.