പിളർന്ന് വളരാൻ കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പിയും; ആറ് വർഷത്തിനിടെ മൂന്നാം പിളർപ്പിേലക്ക്
text_fieldsകൊല്ലം: കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പി(ലെനിനിസ്റ്റ്) മൂന്നാം പിളർപ്പിലേക്ക്. പാർട്ടി രൂപവത്കരിച്ച് ആറു വർഷത്തിനിടെയാണ് മൂന്നാമതും പിളർപ്പിലേക്ക് നീങ്ങുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് കൊല്ലം ജില്ലാ സെക്രട്ടറി സാബു ചാക്കുവള്ളിയെ നീക്കിയതാണ് പിളപ്പിലേക്ക് നയിക്കുന്നത്.
2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ആർ.എസ്.പി (എൽ) രൂപവത്കരിച്ച് കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫിനൊപ്പം ചേർന്നത്.
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് കുഞ്ഞുമോനും സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരും തമ്മിൽ തർക്കമുണ്ടാവുകയും ശ്രീധരൻ നായരെ പുറത്താക്കുകയും ചെയ്തിരുന്നു. ശ്രീധരൻ നായർ വേറെ പാർട്ടി രൂപീകരിച്ചു. ശ്രീധരൻ നായർക്ക് പകരം നിയമിച്ച സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. ബാലദേവിനെ 2020ൽ പി.എസ്.സി മെമ്പർ സംബന്ധിച്ച തർക്കത്തെ തുടർന്ന് പുറത്താക്കുകയും അദ്ദേഹവും വേറെ പാർട്ടിയുണ്ടാക്കുകയും ചെയ്തു. തുടർന്നാണ് ഷാജി ഫിലിപ്പിനെ സെക്രട്ടറിയാക്കിയത്.
പാലക്കാട് തരൂർ മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്ന പേരിൽ കൊല്ലം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചതോടെ ഷാജി ഫിലിപ്പും ഇടഞ്ഞു. പാലക്കാട്, കൊല്ലം ജില്ലാ സെക്രട്ടറിമാരെ ഷാജി ഫിലിപ്പ് സ്ഥാനത്തു നിന്ന് നീക്കി. എന്നാൽ സ്വതന്ത്ര എം.എൽ.എയായ കോവൂർ കുഞ്ഞുമോൻ കൊല്ലം ജില്ലാ സെക്രട്ടറിക്കൊപ്പമാണ്. ഇതോടെ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിനെ നീക്കാൻ മറു വിഭാഗം തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.