ഫള്ല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു
text_fieldsകണ്ണൂർ: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാദിയും കാസർകോട് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം (കുറാ തങ്ങൾ-64) അന്തരിച്ചു. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാദിയാണ്. കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്.
സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനാണ്. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. സമസ്ത കണ്ണൂര്‍ ജില്ല പ്രസിഡന്റ്, ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജുക്കേഷനല്‍ സെന്റര്‍ ജന. സെക്രട്ടറി ചുമതലകള്‍ വഹിക്കുന്നു.
അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും രാത്രി ഏഴിന് കർണാടകയിലെ ഉള്ളാളിലും നടക്കും. ഖബറടക്കം രാത്രി ഒമ്പതിന് കുറത്തിലും നടക്കും.
ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശ്ശേരി. മക്കൾ: സയ്യിദ് അബ്ദുറഹ്മാൻ മഷ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങൾ, റുഫൈദ ബീവി, സഫീറ ബീവി, സക്കിയ ബീവി, സഫാന ബീവി
മരുമക്കൾ: സയ്യിദ് ആമിർ തങ്ങൾ നാദാപുരം, ഡോ.സയ്യിദ് ശുഹൈബ് തങ്ങൾ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങൾ പാപ്പിനിശ്ശേരി.
സഹോദരങ്ങൾ: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവൻതുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂർ, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങൾ സഹോദരീ ഭർത്താവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.