കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മരണം: അനാസ്ഥ കൊണ്ടെന്ന് റിപ്പോർട്ട്; ‘ആനക്ക് ഇടച്ചങ്ങലയിടാതിരുന്നതും തൊട്ടടുത്ത് പടക്കം പൊട്ടിച്ചതുമാണ് അപകട കാരണം’
text_fieldsകോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ വനംവകുപ്പ് അന്വേഷണ റിപ്പോർട്ട് നൽകി. വനം കൺസർവേറ്റർ (സാമൂഹിക വനവത്കരണം) ആർ. കീർത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന് റിപ്പോർട്ട് നൽകിയത്. നാട്ടാന പരിപാലന ചട്ടങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപെട്ടതായും ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി റദ്ദാക്കാൻ നടപടിയെടുത്തതായും റിപ്പോർട്ടിലുണ്ട്.
ആനക്ക് ഇടച്ചങ്ങലയിടാതിരുന്നതും തൊട്ടടുത്ത് പടക്കം പൊട്ടിച്ചതുമാണ് അപകടകാരണം. ഈ കുറ്റത്തിന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോടും ഉത്തരമേഖല ചീഫ് വനം കൺസർവേറ്ററോടും വനംമന്ത്രി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊയിലാണ്ടി പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ അറിയിച്ചു. വടകര ഡിവൈ.എസ്.പിയും റൂറൽ പൊലീസ് സുപ്രണ്ടും അന്വേഷണം ഏകോപിപ്പിക്കും.
ക്ഷേത്രപരിസരം വെള്ളിയാഴ്ച ശോകമൂകമായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ഉയർന്ന ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. അപകടത്തിൽ മരിച്ച കുറുവങ്ങാട് സ്വദേശികളായ തൈക്കണ്ടി അമ്മുഅമ്മ (79), അയൽവാസി ലീല (62), ഊരള്ളൂർ കാരയാട്ട് രാജൻ (64) എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ കുറുവങ്ങാട് മാവിൻചുവട്ടിൽ പൊതുദർശനത്തിനുവെച്ചപ്പോൾ നാട് ഒഴുകിയെത്തി.
മന്ത്രി എ.ബി. രാജേഷ്, എം.എൽ.എമാരായ കാനത്തിൽ ജമീല, ഇ.കെ. വിജയൻ എന്നിവവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യോപചാരം. വൈകീട്ട് 4.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരിക്കേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്ന മുപ്പതിലേറെ പേർ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.