ഗുരുദേവ കോളജ് സംഘർഷം: നാല് എസ്.എഫ്.ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsകൊയിലാണ്ടി: ഗുരുദേവ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.
ജൂലൈ രണ്ടിനാണ് നാല് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തത്. നിയമവിരുദ്ധമായി ഹെൽപ് ഡെസ്ക് സ്ഥാപിച്ചു, കോളജ് അധികൃതർ നിർദേശിച്ചിട്ടും ഹെൽപ് ഡെസ്ക് മാറ്റാൻ തയാറായില്ല എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സസ്പെൻഡ് ചെയ്തത്.
ഇതിന് പിന്നാലെ വിഷയത്തിൽ കോളജ് അന്വേഷണ കമീഷൻ നിയോഗിച്ചു. ഈ കമീഷൻ മുമ്പാകെ സസ്പെൻഷിലായ വിദ്യാർഥികൾ വിശദീകരണം നൽകി. വിദ്യാർഥികളുടെ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. സമാനരീതിയിലുള്ള കാര്യങ്ങൾ ആവർത്തിക്കില്ലെന്നും പ്രിൻസിപ്പലിന്‍റെ അനുമതിയില്ലാതെ ഹെൽപ് ഡെസ്ക് അടക്കമുള്ള പ്രവൃത്തിയിൽ ഏർപ്പെടില്ലെന്നും വിദ്യാർഥികൾ ഉറപ്പുനൽകിയിട്ടുണ്ട്.
കൊയിലാണ്ടി ഗുരുദേവ കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കെയാണ് ജൂലൈ ഒന്നിന് സംഘർഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഒരു വിഭാഗം എസ്.എഫ്.ഐക്കാർ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ ഭാസ്കർ ആരോപിച്ചു. അതിനിടെ, അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി.
കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.