കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടം: മരിച്ചവർക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍
text_fieldsകോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ അനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്ഷേത്രം ഭാരണസമിതി കൊടുക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.
നാടിനെ ഞെട്ടിച്ച ദുരന്തമാണ് ഉണ്ടായതെന്നും നാട്ടാന പരിപാലന ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനയിടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിക്കെട്ട് ആനകളെ പരിഭ്രാന്തരാക്കി എന്നാണ് നിഗമനമെന്നും നിയമപരമായ എന്ത് വീഴ്ച ഉണ്ടായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെടിക്കെട്ടുമായി വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടുണ്ടോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. മോണിറ്ററിംഗ് കമ്മിറ്റ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.
വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നല്‍കേണ്ടത്. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ക്ഷേത്ര ഭാരവാഹികൾ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമല്ലെങ്കിലും നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍തന്നെ നൽകുന്ന കീഴ്‌വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ തനിക്ക് ഒറ്റയ്ക്ക് പറയാനോ പ്രഖ്യാപിക്കാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.