കോഴിക്കോട്ട് 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം
text_fieldsകോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 12ന് മരിച്ച പെണ്‍കുട്ടിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകള്‍ ദക്ഷിണയാണ് (13) മരിച്ചത്. തലവേദനയും ഛർദിയും ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നട്ടെല്ലില്‍നിന്നുള്ള സ്രവം പരിശോധനയില്‍ അമീബിക് ട്രോഫോസോയിഡ്‌സ് കണ്ടെത്തി. തുടർന്ന് സ്രവം പുതുച്ചേരിയിലെ ലാബിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനിടെ കുട്ടി മരിച്ചു. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും.
എന്നാൽ, സാവധാനം തലച്ചോറിനെ ബാധിക്കുന്ന അമീബയാണ് കുട്ടിയുടെ ശരീരത്തിൽ കയറിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയില്‍ കണ്ടെത്തിയതെന്ന് ആശുപത്രിയിലെ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുൽ റൗഫ് പറഞ്ഞു.
കൂടാതെ, കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മറ്റൊരു വിദ്യാർഥിക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സംശയിക്കുന്നു. . രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ 12കാരനാണ് നിരീക്ഷണത്തിലുള്ളത്. വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ സ്രവം പുതുച്ചേരി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം ഫലം ലഭിക്കും. ഈ മാസം 16ന് കുട്ടി ഫാറൂഖ് കോളജിന് സമീപത്തെ കുളത്തില്‍ കുളിച്ചിരുന്നു. ഇവിടെനിന്ന് അണുബാധയുണ്ടായെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.