യുവതിയെ ആസിഡ് ഒഴിച്ച് കുത്തിയ സംഭവം: പ്രതി ഗൾഫിലേക്ക് കടന്നതായി സംശയം
text_fieldsമുക്കം: യുവതിയെ ആസിഡൊഴിച്ച് കുത്തിപ്പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സുഭാഷിനെ (43) പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഖത്തറിൽ േജാലി ചെയ്തിരുന്ന പ്രതി അവിടേക്ക് കടന്നതായി സംശയമുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
മുക്കം ഗോതമ്പ് റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയായ കുമാരനല്ലൂർ പെരിങ്ങപുറത്തെ സ്വപ്നയെയാണ് തലയിലേക്ക് ആസിഡ് ഒഴിച്ച ശേഷം അക്രമത്തിനിരയായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സ്വപ്നയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ആക്രമിച്ചത് മുൻ ഭർത്താവ് സുഭാഷാെണന്നും ആസിഡ് ഒഴിച്ച് പല തവണ കത്തികൊണ്ട് കുത്തിയതായും മൊഴിയിലുണ്ട്. തുടർന്നാണ് സുഭാഷിനെതിരെ വധശ്രമത്തിന് കേസെടുത്തത്. സി.ഐ സന്തോഷിനാണ് അന്വേഷണ ചുമതല.
പ്രതി ഖത്തറിൽനിന്ന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പക്ഷേ, ഇയാൾ തെങ്ങിലക്കടവിലെ വീട്ടിൽ എത്തിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സ്വപ്നയെ അപായപ്പെടുത്തി ഗൾഫിലേക്കുതന്നെ തിരിച്ചുപോകാൻ വിമാന ടിക്കറ്റടക്കം എടുത്തതായാണ് സംശയം. വിവാഹബന്ധം വേർപ്പെടുത്തിയതിൽ സുഭാഷിന് കടുത്ത അമർഷമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്ഥിരമായി മദ്യപിച്ച് ഉപദ്രവിച്ചതിനാലാണ് വിവാഹബന്ധം വേർപ്പെടുത്തിയതെന്നും സ്വപ്നയുടെ ബന്ധുക്കൾ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്വപ്നയെ അപകടനില തരണം ചെയ്തതിനാൽ ഞായറാഴ്ച വാർഡിലേക്കു മാറ്റി.
‘മകൾ കഷ്ടിച്ച് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട്’
മുക്കം: ആസിഡ് ഒഴിച്ച് കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മകൾ സ്വപ്ന ആരോഗ്യവും ദൈവാനുഗ്രഹവുംകൊണ്ടു മാത്രമാണ് അതിജീവിച്ചതെന്ന് പിതാവ് മുക്കം കുമാരനല്ലൂർ സ്വദേശി പെരിങ്ങംപുറത്ത് ബാലകൃഷ്ണൻ.
വിവാഹം കഴിഞ്ഞ നാൾതൊട്ട് ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷ് ശാരീരികവും മാനസികവുമായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.
ഉപദ്രവം സഹിക്കാനാവാതെയാണ് വിവാഹ മോചനത്തിന് നടപടി സ്വീകരിച്ചത്. ഇതേ തുടർന്ന് ആറുമാസം മുമ്പ് വിവാഹബന്ധം വേർപ്പെടുത്തിയതായി വിധി ലഭിച്ചു.
തുടർന്ന് സുഭാഷ് പലപ്പോഴും ഫോണിലൂടെ സ്വപ്നയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
ശനിയാഴ്ച വീടിനടുത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള പൊന്തക്കാട്ടിൽ ഒളിച്ചിരുന്നാണ് ജോലി കഴിഞ്ഞു വരുകയായിരുന്ന സ്വപ്നയെ ആക്രമിച്ചത്. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും സുഭാഷ് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.