കോഴിക്കോടിന്റെ മന്ത്രിസ്ഥാനം ചുരുങ്ങി
text_fieldsകോഴിക്കോട്: മുന്നണി ധാരണയുടെ ഭാഗമായി അഹമ്മദ് ദേവർകോവിൽ സ്ഥാനമൊഴിഞ്ഞതോടെ ഇല്ലാതായത് കോഴിക്കോടിന്റെ മന്ത്രി സ്ഥാനങ്ങളിലൊന്ന്. രാജിവെച്ച് ക്രിസ്മസ് ദിനത്തിൽ സ്വന്തം തട്ടകത്തിൽ എത്തുന്ന എം.എൽ.എക്ക് നഗരത്തിൽ സ്വീകരണം നൽകും.
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന് പാർട്ടി ജില്ല കമ്മിറ്റിയാണ് സ്വീകരണമൊരുക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് റെയിൽവേ സ്റ്റേഷനിലെത്തുന്ന അദ്ദേഹത്തിന് ഊഷ്മള സ്വീകരണമൊരുക്കാനാണ് പ്രവർത്തകരുടെ തീരുമാനം. തുടർന്ന് ഉച്ചക്ക് മൂന്നിന് ഗാന്ധിഗൃത്തിൽ സ്വീകരണയോഗം നടക്കും. ‘കേരളത്തിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ജനനായകൻ’ എന്നാണ് ദേവർകോവിലിനെ പാർട്ടി പരിചയപ്പെടുത്തുന്നത്. ദേവർകോവിൽ സ്ഥാനമൊഴിഞ്ഞതോടെ അഡ്വ. പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും മാത്രമാകും ഇനി കോഴിക്കോടിന്റെ മന്ത്രിമാർ. കോർപറേഷൻ ഉൾപ്പെട്ട മണ്ഡലങ്ങളായ കോഴിക്കോട് സൗത്തിലെയും ബേപ്പൂരിലെയും എലത്തൂരിലെയും എം.എൽ.എമാർ മന്ത്രിയായപ്പോൾ കോഴിക്കോട് ഏറെ പ്രത്യാശയോടെയാണ് കണ്ടിരുന്നത്. സൗത്ത് മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമിടാനായി. കൂടുതൽ വരുംകൊല്ലങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയാണ് നഗരത്തിന്.
മാവൂർ റോഡിന് തെക്കുള്ള മാനാഞ്ചിറയും മിഠായിതെരുവും കുറ്റിച്ചിറയും തളിയും കല്ലായിയും വലിയങ്ങാടിയും ഗുജറാത്തി സ്ട്രീറ്റും റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളുമെല്ലാമടങ്ങുന്ന പൈതൃകം നിറഞ്ഞ പഴയ ഭാഗമെല്ലാം സൗത്ത് മണ്ഡലത്തിലാണ്. പൈതൃക സംരക്ഷണ പദ്ധതികളും പഴയ കോർപറേഷൻ ഓഫിസ് മ്യൂസിയമാക്കുന്ന പദ്ധതിക്കുമെല്ലാം തുടക്കമിടാനായി. നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന ആഗ്രഹത്തിന് ബജറ്റിൽ പച്ചക്കൊടിയുയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും നിലവാരമുയർത്താനുള്ള പദ്ധതിയിലും കോഴിക്കോടിനെ ഉൾപ്പെടുത്തി.
പൈതൃക സംരക്ഷണം, കാൽനടക്കാരുടെ സൗകര്യംകൂട്ടൽ, പൊതുസ്ഥലങ്ങളും വിനോദസഞ്ചാരം കൂട്ടലും, ശുചിത്വം മെച്ചമാക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയിൽപെടും. നഗരങ്ങളുടെ മൊത്തം വികസനം, പുനരുജ്ജീകരണം, സൗന്ദര്യവത്കരണം തുടങ്ങിയവക്കായി 300 കോടി മാറ്റിവെച്ചത് കോഴിക്കോടിനും നേട്ടമാകും.
കനോലി കനാലിന് കുറുകെ പുതിയപാലത്ത് പുതിയ പാലം വേണമെന്നത് 10 കൊല്ലത്തിലേറെയുള്ള ആവശ്യമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി പണി തുടങ്ങിയിട്ടുണ്ട്. മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാകട്റി അടഞ്ഞുകിടന്ന് ആസ്തികൾ അന്യാധീനപ്പെട്ടു തുടങ്ങി. ഇത് ഏറ്റെടുത്ത് നഗരത്തിന്റെ മുഖമുദ്രയാകുന്ന കൈത്തറി മ്യൂസിയം സ്ഥാപിക്കാൻ സർക്കാർ തീരുമാനമായെങ്കിലും ഇടക്കാലത്ത് കോംട്രസ്റ്റ് സ്ഥലം കൈവശപ്പെടുത്തിയ ചിലർ കോടതിയെ സമീപിച്ചിരിക്കുകയാണ്. പോർട്ടുമായി ബന്ധപ്പെട്ട് പോർട്ട് ബംഗ്ലാവിലും ബീച്ചിലുമെല്ലാം വികസന പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്.
കല്ലായിപ്പുഴ ആഴം കൂട്ടി വൃത്തിയാക്കാനുള്ള പദ്ധതിയും എട്ടു കൊല്ലത്തോളമായി നീളുന്നു. കല്ലായിപ്പുഴയും കനോലി കനാലും വികസിപ്പിച്ച് യൂറോപ്യൻ നഗരങ്ങളെപ്പോലെയുള്ള കനാൽ സിറ്റി പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടികൾ ഇഴയുന്നു.
കിഫ്ബി ഫണ്ടിൽ തീരദേശ പാതയും മുന്നോട്ടുപോയില്ല. സർക്കാർ സൈബർ പാർക്ക് വികസനത്തിന് ബജറ്റിൽ പണം അനുവദിച്ചിരുന്നു. മാനാഞ്ചിറ സ്ക്വയറിൽ കൂടുതൽ വികസനത്തിന് പദ്ധതിയുണ്ടെങ്കിലും മുന്നോട്ട് പോയില്ല. മിഠായിതെരുവിന്റെ രണ്ടാംഘട്ട വികസനവും ഇപ്പോഴും കടലാസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.