കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: സർക്കാർ ഉത്തരവ് നീളുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് നീളുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് മലപ്പുറത്ത് ഏപ്രിൽ അഞ്ചിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉന്നതതല യോഗം വിളിക്കുകയും തുടർ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. ഏപ്രിൽ 18ന് കരിപ്പൂരിലും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേർന്നു. പ്രദേശവാസികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു ധാരണ. എന്നാൽ, ഭൂമിയേറ്റെടുക്കാനുള്ള സർക്കാൻ ഉത്തരവ് നീളുകയാണ്.
അടുത്ത വർഷം മാർച്ചിനകം ഭൂമി കൈമാറി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അതോറിറ്റി നിർദേശം. ഉത്തരവ് ഇറങ്ങിയാൽ മാത്രമേ തുടർനടപടികളും വേഗത്തിലാക്കാൻ സാധിക്കൂ. റെസ നീളം കൂട്ടാൻ നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴര ഏക്കറും പള്ളിക്കൽ വില്ലേജിൽനിന്ന് 11 ഏക്കറുമാണ് ഏറ്റെടുക്കുക. ഇവർക്ക് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.