കോഴിക്കോട് വിമാനത്താവളം: 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ പ്രത്യേക പാക്കേജ്; സ്വത്തിന്റെ തുകക്ക് പുറമെ പത്ത് ലക്ഷം അധിക സഹായം
text_fieldsതിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി ഇരുവശത്തും ഭൂമി ഏറ്റെടുക്കാൻ പ്രത്യേക പുനരധിവാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന 64 കുടുംബങ്ങൾക്ക് വേണ്ടിയാണ് പാക്കേജ് അനുവദിച്ചത്. മാനദണ്ഡ പ്രകാരമുള്ള 4,60,000 രൂപക്ക് പുറമെ 5,40,000 രൂപ അധിക സഹായമായി നൽകി ഒരു കുടുംബത്തിന് ആകെ പത്ത് ലക്ഷം രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക.
ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുവകകൾക്കുമുള്ള തുകക്ക് പുറമെയാണ് പുനരധിവാസ പാക്കേജായി പത്ത് ലക്ഷം രൂപ അനുവദിക്കുക. കീഴ്വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ചാണ് തീരുമാനം. നേരത്തേ മന്ത്രി വി. അബ്ദുറഹിമാൻ എം.പി അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഇതിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പ്രത്യേക പുനരധിവാസ പാക്കേജിന് അനുമതി നൽകിയത്. നെടിയിരുപ്പ് വില്ലേജിലെ 39 വീടും പള്ളിക്കൽ വില്ലേജിലെ 25 വീടുകളുമാണ് കുടിയൊഴിപ്പിക്കലിലൂടെ നഷ്ടപ്പെടുക. 2013ലെ ആർ. എഫ്.സി.ടി.എൽ.എ.ആർ.ആർ നിയമപ്രകാരമാണ് 4.6 ലക്ഷം രൂപ അനുവദിക്കുന്നത്.
മൂന്ന് ലക്ഷം രൂപ വീട് നഷ്ടപ്പെടുന്നവർക്കും താമസം മാറുന്നവർക്ക് ഒറ്റത്തവണ നഷ്ടപരിഹാരമായി 60000 രൂപയും താമസം മാറുന്നവർക്ക് പ്രത്യേക അലവൻസായി 50000 രൂപയും ട്രാൻസ്പോർട്ടേഷൻ ചാർജായുള്ള 50000 രൂപയും ചേർത്താണ് 4.6 ലക്ഷം രൂപ അനുവദിക്കുന്നത്. ഇതിന് പുറമെ 5.4 ലക്ഷം രൂപകൂടി അനുവദിച്ചാണ് പത്ത് ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.