കോഴിക്കോട് വിമാനത്താവളം: റെസ വർധിപ്പിക്കാൻ റൺവേ നീളം കുറക്കണമെന്ന് നിർദേശം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ഇരുഭാഗത്തും 240 മീറ്ററായി വർധിപ്പിക്കുന്നതിന് റൺവേയുടെ നീളം കുറക്കാൻ നടപടി ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർക്ക് എയർപോർട്ട് അതോറിറ്റി നിർദേശം. നിലവിൽ 90 മീറ്റർ വീതമാണ് റെസയുടെ നീളം. ഇത് 240 മീറ്ററാക്കി വർധിപ്പിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാറിനോട് നേരേത്ത ആവശ്യപ്പെട്ടിരുന്നു. ഇതിന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് റൺവേ നീളം കുറക്കാനുള്ള തീരുമാനമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ ദേബാശിഷ് ഖാൻ അയച്ച കത്തിൽ പറയുന്നു.
നിർദേശം നടപ്പാക്കിയാൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി ചുരുങ്ങും. വലിയ വിമാന സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കും. കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെസ വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു രണ്ടുമാർഗമാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നത്. ആവശ്യമായ 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുക, അല്ലെങ്കിൽ നിലവിെല 2860 മീറ്റർ റൺവേയിൽനിന്ന് 160 മീറ്റർ വീതം ഇരുവശത്തുനിന്നും വിട്ടുനൽകുക.
ഭൂമി ഏറ്റെടുത്തുനൽകാത്ത സാഹചര്യത്തിൽ റൺവേ നീളം 2540 മീറ്ററായി ചുരുക്കാനുള്ള നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർക്ക് 2022 സെപ്റ്റംബർ 20നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കത്തയച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുമെന്ന പ്രതീക്ഷയിൽ വിമാനത്താവള ഡയറക്ടർ മറുപടി നൽകിയിരുന്നില്ല. എ.എ.ഐ.ബി നിർദേശം നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സാധിക്കില്ലെന്നും റൺവേ നീളം കുറച്ച് സുരക്ഷ വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചുള്ള കത്ത് കഴിഞ്ഞ ദിവസമാണ് ഡയറക്ടർക്ക് ലഭിച്ചത്. റൺവേ വികസനത്തിനുള്ള ഭൂമി ഏറ്റെടുത്തുനൽകുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ആഴ്ചകൾക്ക് മുമ്പ് കത്തയച്ചിരുന്നു. ആഗസ്റ്റ് ഒന്നിനുമുമ്പ് ഭൂമി നൽകിയില്ലെങ്കിൽ റൺവേ നീളം കുറക്കുമെന്ന് ഈ കത്തിലും മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം ആവശ്യപ്പെട്ട സമയത്തിനകം ഭൂമിയേറ്റെടുത്തു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.