കോഴിക്കോട്, മംഗലാപുരം റെയിൽവേ സ്റ്റേഷൻ നവീകരണം വേഗത്തിലാക്കും
text_fieldsപാലക്കാട്: കോഴിക്കോട്, മംഗലാപുരം റെയിൽവേ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തിലേക്കുയർത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്. നവീകരിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 2026ഓടെ തുറന്നുനൽകാനാവും. മംഗലാപുരം സ്റ്റേഷൻ നവീകരണത്തിനായി അടുത്ത ദിവസങ്ങളിൽ ടെൻഡർ വിളിക്കും.
പാലക്കാട് റെയിൽവേ പിറ്റ് ലൈൻ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നും സിങ് പറഞ്ഞു. പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന പാർലമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം എം.പിമാർ യോഗത്തിൽ ഉന്നയിച്ചു.
ഇത് സർക്കാർ തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ഉണ്ടാവേണ്ട തീരുമാനമാണെന്ന് അധികൃതർ പറഞ്ഞു. കല്ലായിയിൽ ഫുൾ ലെങ്ത് ഗുഡ്സ് ലൈൻ വേഗത്തിൽ സജ്ജമാക്കുമെന്ന് ആർ.എൻ. സിങ് പറഞ്ഞു. മംഗലാപുരത്ത് പുതുതായി രണ്ട് പ്ലാറ്റ്ഫോമുകൾകൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിനൊപ്പം അമൃത് സ്റ്റേഷൻ പദ്ധതിയിൽ 16 പുതിയ സ്റ്റേഷനുകൾ നവീകരിക്കും. കൂടുതൽ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്ന ആവശ്യമാണ് പ്രധാനമായും എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായത്.
പാലക്കാട് -പൊള്ളാച്ചി പാതയിൽ നവീകരണത്തിന് മുമ്പുണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സിങ് അറിയിച്ചു. എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, ഡോ. വി. ശിവദാസൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി, ദക്ഷിണ റെയിൽവേ വകുപ്പുകളുടെ പ്രിൻസിപ്പൽ മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.