എൻ. രാജേഷിന് വേദനയോടെ വിട
text_fieldsകോഴിക്കോട്: മരണത്തിെൻറ നാലു നാൾ മുമ്പുവരെ വാർത്തയുടെ ലോകത്തായിരുന്നു എൻ. രാജേഷ്. ഇടവേളകളില്ലാതെ മാധ്യമലോകത്ത് പലതലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത് മികച്ചൊരു മാധ്യമ പ്രവർത്തകനെയും സംഘാടകനെയുമാണ്.
32 വർഷമായി മാധ്യമം ദിനപത്രത്തിെൻറ ഭാഗമായ രാേജഷ് കുറച്ചുകാലമായി ശാരീരികപ്രയാസങ്ങളെ തുടർന്ന് വീട്ടിലിരുന്നായിരുന്നു ജോലി നിർവഹിച്ചത്. ഗുരുതരമായ കരൾരോഗമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ 12 മണിയോടെ അന്ത്യം. ഏകമകൻ ഹരികൃഷ്ണൻ നീറ്റ് പരീക്ഷക്ക് പോയതായിരുന്നു. അച്ഛെൻറ വിയോഗവാർത്തയറിയാതെ ഹരികൃഷ്ണൻ പരീക്ഷ എഴുതി. 17 വർഷം മുമ്പാണ് ഭാര്യ ശ്രീകല മരിച്ചത്.
പത്രപ്രവർത്തകൻ, സംഘാടകൻ, ട്രേഡ് യൂനിയനിസ്റ്റ്, അധ്യാപകൻ എന്നീ നിലകളിലെല്ലാം രാജേഷ് വ്യക്തിമുദ്ര പതിപ്പിച്ചു. മാധ്യമസമൂഹത്തിലും പുറത്തും എല്ലാ തലമുറകൾക്കും സുപരിചിതനായിരുന്നു. ഏറെക്കാലം കോഴിക്കോട് സെൻട്രൽ ഡെസ്കിൽ ന്യൂസ് എഡിറ്ററായിരുന്ന രാജേഷ്, മാധ്യമം ദിനപത്രത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
കായികമേഖലയിലെ റിപ്പോർട്ടിങ്ങും ലേഖനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മികച്ച സ്പോർട്സ് ജേണലിസ്റ്റിനുള്ള മുഷ്താഖ് അവാർഡ് അടക്കം ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മാധ്യമ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിലും രാജേഷ് മുൻപന്തിയിലായിരുന്നു.
മാധ്യമം കുടുംബത്തിൽ എല്ലാ തലമുറക്കും പ്രിയങ്കരനായിരുന്നു. സംഘാടകൻ, ഗായകൻ, അവതാരകൻ, കായികപ്രേമി എന്നീ നിലകളിലെല്ലാം സഹപ്രവർത്തകരുടെ ഇഷ്ടം നേടി. കാലിക്കറ്റ് പ്രസ് ക്ലബിന് പലതവണ നേതൃത്വം നൽകിയത് അദ്ദേഹത്തെ കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രധാന വ്യക്തിത്വമാക്കി. പൊതുദർശനത്തിനുവെച്ച കാലിക്കറ്റ് പ്രസ്ക്ലബിലും വീട്ടിലും സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.
സമൂഹമാധ്യമങ്ങളിലും അനുശോചനമൊഴുകി. സഹോദര തുല്യനായ മാധ്യമ പ്രവർത്തകനെയും തൊഴിലാളി സംഘടന നേതാവിനെയുമാണ് നഷ്ടമായെതന്ന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറും സഹപ്രവർത്തകനുമായ കെ.പി റെജി അനുസ്മരിച്ചു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ. രാജഗോപാൽ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി .എസ്. സുഭാഷ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ, സെക്രട്ടറി എം. രാജീവ് കുമാർ, ലോക്താന്ത്രിക് യുവജനതാദൾ ദേശീയ ജനറൽ പ്രസിഡൻറ് സലീം മടവൂർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, മാതൃഭൂമി ജോയൻറ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ, അഡ്വ. പി.എം. നിയാസ്, പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറി സി. നാരായണൻ, മുതിർന്ന മാധ്യമപ്രവർത്തകരായ പി.ജെ. മാത്യു, എൻ.പി. രാജേന്ദ്രൻ, പി.ജെ. ജോഷ്വ, കെ. ബാബുരാജ്, കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പബ്ലിഷർ ടി.കെ. ഫാറൂഖ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ജോയൻറ് എഡിറ്റർ പി.െഎ. നൗഷാദ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് തുടങ്ങി മാധ്യമം കുടുംബാംഗങ്ങളും അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.