കോഴിക്കോട് കാർബൺ ന്യൂട്രൽ ജില്ലയാക്കും
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകള്‍ക്ക് ഊന്നല്‍ നൽകിയും, കാർഷികമേഖലയിൽ തനതുവരുമാന വർധന ലക്ഷ്യമിട്ടും, ജില്ലയുടെ സമഗ്രവികസനത്തിന് വാതിൽ തുറന്നും ജില്ല പഞ്ചായത്തിന്റെ ബജറ്റ്.
ജില്ല പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗമായ കൂത്താളി, പേരാമ്പ്ര, പുതുപ്പാടി, തിക്കോടി, ചാത്തമംഗലം ഫാമുകളിൽ കൂടുതൽ പദ്ധതികളും നവീകരണവും നടത്തി വരുമാനം വർധിപ്പിക്കുന്നതുൾപ്പെടെയുള്ളവയാണ് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അവതരിപ്പിച്ച ജില്ല പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്.
115,35,36,004 രൂപ വരവും 110,31,21,318 രൂപ ചെലവും 5,04,14,686 രൂപ മിച്ചവും പ്രതീക്ഷിച്ചുള്ള ബജറ്റാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ അവതരിപ്പിച്ചത്. ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കാനും അടിസ്ഥാനമേഖലയിലും കാർഷികമേഖലയിലും വികസനം ലക്ഷ്യംവെച്ചുള്ളതുമാണ് ബജറ്റെന്ന് അവതരണവേളയിൽ പി. ഗവാസ് പറഞ്ഞു.
ജില്ല പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി.പി. ജമീല, നിഷ പുത്തന്‍പുരയില്‍, കെ.വി. റീന, പി. സുരേന്ദ്രന്, ജില്ല പഞ്ചായത്ത് സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. ഭരണപക്ഷ അംഗങ്ങൾ ബജറ്റിനെ സ്വാഗതം ചെയ്തു.
പ്രധാന പ്രഖ്യാപനങ്ങള്‍
→ കാർബൺ ന്യൂട്രൽ ജില്ലയാക്കി മാറ്റും
→ ദരിദ്രരില്ലാത്ത ജില്ലയാക്കി മാറ്റാൻ ഉതകുന്ന പദ്ധതികൾ
→ മാലിന്യ സംസ്കരണ മേഖലയിൽ വൻപദ്ധതികൾ
→ പശ്ചാത്തല വികസന മേഖലക്ക് 37.34 കോടി രൂപ
→ പട്ടികജാതി വികസനത്തിന് 12.75 കോടി
→ പട്ടികവർഗ മേഖലക്ക് 83 ലക്ഷം രൂപ
→ ജില്ല പഞ്ചായത്തിനോട് ചേർന്ന് ഭരണഘടന ചത്വരം നിർമിക്കും
→ ജില്ല പഞ്ചായത്ത് ഹാൾ, കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെംബർമാർ എന്നിവരുടെ മുറികൾ നവീകരിക്കും
→ പൊതുജനങ്ങൾക്കുൾപ്പെടെ കാമ്പസിൽ ആധുനിക സൗകര്യങ്ങളോടെ കഫറ്റീരിയ
→ ജില്ല പഞ്ചായത്ത് ഓഫിസിൽ ആധുനിക സൗകര്യങ്ങളോടെ ലൈബ്രറി കം മ്യൂസിയം
→ ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പക്ഷി, പുഷ്പം, മത്സ്യം എന്നിവ പ്രഖ്യാപിക്കും
തൊഴിൽ
→ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉൽപാദനം വർധിപ്പിച്ച് നീതിപൂർവം വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ
കൃഷി
→ സമഗ്ര നാളികേര വികസനത്തിനായി പ്രത്യേക പദ്ധതി ഉൾപ്പെടെ കാർഷിക മേഖലയിൽ 3.92 കോടി
→ തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഇൻസെന്റിവ്
→ ഔഷധസസ്യ കൃഷി വ്യാപകമാകും
→ വന്യമൃഗശല്യം നേരിടാൻ സോളാർ ഫെൻസിങ്
→ മത്സ്യമേഖലക്ക് ഊർജം പകർന്ന് മത്സ്യവർഷിനി
ആരോഗ്യം
→ ആരോഗ്യ മേഖലക്കായി 7.22 കോടി രൂപ. കാൻസർ കെയർ സൊസൈറ്റി യാഥാർഥ്യമാക്കും
വിദ്യാഭ്യാസം, കല, സംസ്കാരം
→ സ്കൂൾ ലാബുകൾ ആധുനികവത്കരിക്കുന്നതുൾപ്പെടെ വിദ്യാഭ്യാസമേഖലക്ക് അഞ്ചു കോടി രൂപ
→ ഭിന്നശേഷി വിദ്യാർഥികൾക്ക് ഡിജിറ്റൽ ക്ലാസ് റൂം, തൊഴിൽ പരിശീലനം
→ വിദ്യാഭ്യാസം, കല-സംസ്കാരം, യുവജനക്ഷേമ മേഖലക്കായി 5.48 കോടി രൂപയും വകയിരുത്തി.
ഐ.ടി
→ ഐ.ടി അഗ്രി ഇൻക്യൂബേഷൻ സെന്റർ സ്ഥാപിക്കും. സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ നവീകരിക്കും. ഇതുൾപ്പെടെ പ്രാദേശിക സാമ്പത്തിക വികസനത്തിന് 3.97 കോടി രൂപ
→ ജില്ല പഞ്ചായത്ത് സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡി.പി, എ.പി.പി എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ തയാറാക്കും.
→ ജില്ല പഞ്ചായത്ത് ഇ -ഓഫിസ് പ്രഖ്യാപനം മാർച്ചിൽ
→ യൂ ട്യൂബ് ചാനൽ
യുവാക്കൾക്ക്: മിനി ഐ.ടി പാർക്ക്, ഹാപ്പിനസ് പാർക്ക്
→ ഐ.ടി രംഗത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മിനി ഐ.ടി പാര്‍ക്കുകൾക്കും സഹായം
→ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ മിനി ഐ.ടി പാര്‍ക്ക്. ഈ പ്രവൃത്തികള്‍ക്കായി 3.97 കോടി വകയിരുത്തി.
വ്യവസായം
→ സ്ത്രീകൾക്കായി വനിതസൗഹൃദ കൂട്ടായ്മ. രണ്ടു കോടി രൂപ ചെലവിൽ വനിതാ വ്യവസായ കേന്ദ്രം. സ്ത്രീ സൗഹൃദത്തിനും വികസനത്തിനുമായി 5.27 കോടി
→ ഹൈവേ റോഡിനോടു ചേർന്നുകിടക്കുന്ന ഘടകസ്ഥാപനങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ നിർമിക്കും
→ റിഫ്രഷ്മെന്റ് സ്ഥാപനങ്ങൾ
→ സംരംഭകത്വ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി. *ആധുനിക സൗകര്യത്തോടെ കായണ്ണ സ്വപ്നനഗരിയില്‍ ഹാപിനസ് പാര്‍ക്ക് നിര്‍മിക്കും. കൂടാതെ കടലുണ്ടി, കോഴിക്കോട് പുഴയോരത്ത് മിനി പാര്‍ക്ക് നിര്‍മിക്കും. 55 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചത്
ഭവനം
→ ലൈഫ് ഭവന പദ്ധതിക്ക് 12 കോടി രൂപ.
പൊങ്ങച്ച ബജറ്റ് –പ്രതിപക്ഷം
ബജറ്റില്‍ സ്വപ്നങ്ങള്‍ മാത്രമാണെന്നും കാർഷികമേഖലയെയും ക്ഷേമപ്രവർത്തനങ്ങളെയും വിദ്യാഭ്യാസമേഖലയെയും യുവാക്കളെയും കൈയൊഴിഞ്ഞുള്ള കഴിഞ്ഞകാല ബജറ്റിന്റെ തനിയാവർത്തനമാണെന്നും പ്രതിപക്ഷം പറഞ്ഞു.
പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. പട്ടികജാതി-വര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ബജറ്റില്‍ പരാമര്‍ശവുമില്ലെന്നും പ്രതിപക്ഷം വിമർശനമുന്നയിച്ചു.
യു.ഡി.എഫ് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, ഐ.പി. രാജേഷ്, ബോസ് ജേക്കബ്, പി.ടി.എം. ഷറഫുന്നീസ, വി.പി. ദുല്‍ക്കിഫില്‍, സി.വി.എം. നജ്മ, കെ.കെ. റംസീന എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.