കോഴിക്കോട് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച കുട്ടി മരിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മെനിഞ്ചൈറ്റിസ് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ (12) ആണ് മരിച്ചത്. കഴിഞ്ഞ 24 മുതൽ വെന്റിലേറ്ററിലായിരുന്നു.
ഛർദി, തലവേദന തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയുടെ നില പിന്നീട് ഗുരുതമാവുകയും പ്രൈമറി അമീബിക് മെനിഞ്ചൊ എൻസെഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിക്കുകയുമായിരുന്നു. നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണുണ്ടായത്.
ഫാറൂഖ് കോളജ് പരിസരത്തെ അച്ചൻകുളത്തിൽ കുളിച്ചതിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി 13കാരി അത്യപൂർവ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു.
ഒരു മാസം മുമ്പ് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ച് വയസ്സുകാരിയും മരിച്ചിരുന്നു. മൃദുൽ ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മിലൻ (യു.കെ.ജി വിദ്യാർഥി, രാമനാട്ടുകര ബോർഡ് സ്കൂൾ). സംസ്കാരം വ്യാഴാഴ്ച.
കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചിരുന്നു.
ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‍കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.