'വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് തിരിച്ചറിയണം'; മുല്ലപ്പള്ളിക്ക് മറുപടിയുമായി ഡി.സി.സി പ്രസിഡന്റ്
text_fieldsകോഴിക്കോട്: നവ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്ത മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ. എൻ.ജി.ഒ യൂനിയൻ മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി. രവീന്ദ്രനെ അനുസ്മരിക്കാൻ ഇൻഡോർ സ്റ്റേഡിയം ഹാളിൽ 'ആക്ടീവ്' സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരോക്ഷമായി ഡി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞത്.
ശിബിരം ഗംഭീര വിജയമായതിന് പ്രവീൺ കുമാറിനെ അഭിനന്ദിച്ചു കൊണ്ട് മുല്ലപ്പള്ളിയാണ് തുടക്കമിട്ടത്. പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ പോകുന്നെങ്കിൽ പോകട്ടെ എന്ന സമീപനം ശരിയല്ലെന്നും അവസാനത്തെ കോൺഗ്രസുകാരനെയും ചേർത്തു പിടിച്ചു വേണം പാർട്ടിയെ കെട്ടിപ്പടുക്കാനും ജനങ്ങളിലേക്ക് ഇറങ്ങാനും എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരമാർശം.
മുഖ്യപ്രഭാഷണത്തിനിടയിൽ മുല്ലപ്പള്ളി പറഞ്ഞത് ശരിവെച്ചു കൊണ്ടുതന്നെ പ്രവീൺകുമാർ പരോക്ഷമായി മറുപടി പറഞ്ഞു. അഭിപ്രായങ്ങൾ പാർട്ടിയുടെ വേദിയിൽ തന്നെ പറയുന്നതിനു പകരം പുറത്തിറങ്ങി പറയുന്നവരുടെ വ്യക്തിത്വം തന്നെ സംശയിക്കപ്പെടുമെന്ന് പ്രവീൺകുമാർ പറഞ്ഞു. എത്ര വലിയ നേതാവായാലും ശിബിരത്തിലെ തീരുമാനം എല്ലാവർക്കും ബാധകമാണ്. വ്യക്തിയല്ല, പാർട്ടിയാണ് വലുത് എന്ന് എല്ലാവരും തിരിച്ചറിയണമെന്നും പ്രവീൺകുമാർ ഓർമപ്പെടുത്തി.
കോൺഗ്രസിനെ പുനരജ്ജീവിപ്പിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ നിന്നും കാരണം അറിക്കാതെ വിട്ടുനിന്നത് മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമാണ്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളായ തെന്നല ബാലകൃഷ്ണ പിള്ള, എ.കെ. ആന്റണി, വയലാർ രവി, പി.പി. തങ്കച്ചൻ, ആര്യാടൻ മുഹമ്മദ്, കെ. ബാബു, സതീശൻ പാച്ചേനി എന്നിവർ അസുഖം ചൂണ്ടിക്കാട്ടി ചിന്തൻ ശിബിരത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, കാരണം അറിയിക്കാതെയുള്ള മുല്ലപ്പള്ളിയുടെയും സുധീരന്റെയും വിട്ടുനിൽക്കൽ വലിയ വിമർശനത്തിനാണ് വഴിവെച്ചത്.
അതേസമയം, വിഷയത്തോട് പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിയുടെ സുപ്രധാന സമ്മേളനം തന്റെ നാട്ടിൽ നടക്കുമ്പോൾ വെറും കാഴ്ചക്കാരനായി നിൽക്കേണ്ടയാളല്ല തൻ. എന്നിട്ടും അതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് അത്യന്തം ഹൃദയ വേദനയുണ്ടാക്കുന്നതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.