പാലും മുട്ടയും അരിയും അവിലും വിപണിയിലിറക്കാൻ കോഴിക്കോട് ജില്ല പഞ്ചായത്ത്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ ബ്രാൻഡഡ് പാലും മുട്ടയും അരിയും അവിലും വിപണിയിലിറക്കുന്നത് ആലോചിച്ചുവരുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൂത്താളി െഡയറി ഫാമിൽനിന്നുള്ള പാൽ പാക്ക് ചെയ്ത് പേരാമ്പ്രയിൽ വിൽപന സ്റ്റാൾ ആരംഭിക്കാനും ചാത്തമംഗലം പൗൾട്രി ഫാമിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ മുഖേന കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പിന്നീട് മുട്ടശേഖരിച്ച് വിപണിയിലിറക്കുകയുമാണ് ലക്ഷ്യം. പേരാമ്പ്ര, പുതുപ്പാടി ഫാമിലെ നെല്ലുൽപാദനം വർധിപ്പിച്ച് അരിയും അവിലും വിപണിയിലെത്തിക്കും.
സ്ത്രീകൾക്കുൾപ്പെടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയും ആരംഭിക്കും. ഇതിെൻറ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് പ്രസവശുശ്രൂഷയിലുൾപ്പെടെ ജില്ല ആയുർവേദ ആശുപത്രിയിൽനിന്ന് പരിശീലനം നൽകും. ഇത്തരം വനിതകൾക്ക് സ്കൂട്ടർ വാങ്ങുന്നതിന് ബാങ്കുകളുമായി സഹകരിച്ച് വായ്പ ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
എട്ടു സ്കൂളുകളിലും ജില്ല പഞ്ചായത്തിെൻറ 13 അനുബന്ധ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിച്ച് 330 കെ.വി വൈദ്യുതികൂടി ലഭ്യമാക്കി ഉൽപാദനം 810 കെ.വി. ആയി ഉയർത്തും. ഒന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കെ.എസ്.ഇ.ബിയുടെ സോളാർ എനർജി വിഭാഗമാണ് നടപ്പാക്കുക. സ്കൂളുകളിൽ 53 നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും.
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുകളും ഹിയറിങ് എയ്ഡുകളും വാങ്ങിനൽകാനുള്ള പദ്ധതിയും ആവിഷ്കരിച്ചു. തീരദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയർത്താനും ടൂറിസവുമായി ബന്ധിപ്പിക്കാനും 'മത്സ്യസഞ്ചാരി' പദ്ധതി നടപ്പാക്കും.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിൽ മായംകലരാത്ത മത്സ്യവിഭവങ്ങൾ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ജില്ലയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് എജുകെയർ പദ്ധതിയും നടപ്പാക്കും.
2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 250.79 കോടി രൂപയുടെ 876 പ്രവൃത്തികൾക്കാണ് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതെന്നും അവർ പറഞ്ഞു. സെക്രട്ടറി ടി. അഹമ്മദ് കബീറും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.