'തഹസിൽദാർ രാമകൃഷ്ണനെയും പ്രിയദർശിനിയെയും' ഓർമിപ്പിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസ്; ഒരേ സമയം രണ്ട് ഉദ്യോഗസ്ഥർ ഒരേ കാബിനിൽ
text_fieldsകോഴിക്കോട്: 1998ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് 'അയാൾ കഥയെഴുതുകയാണ്'. സിനിമയിൽ തഹസിൽദാറായി ചുമതലയേൽക്കാൻ വന്ന ശ്രീനിവാസന്റെ കഥാപാത്രം രാമകൃഷ്ണനെയും നന്ദിനി അവതരിപ്പിച്ച തഹസിൽദാർ പ്രിയദർശിനിയെയും മലയാളികൾ അത്രയെളുപ്പത്തിൽ മറക്കാൻ കഴിയില്ല. ഏതാണ്ട് അതേ കാഴ്ചകൾ തന്നെയായിരുന്നു തിങ്കളാഴ്ച കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ കണ്ടത്. ഒരേ സമയം രണ്ട് മെഡിക്കൽ ഓഫീസർമാരാണ് ഒരേ കാബിനിൽ ഇരുന്നത്.
സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെത്തിയ മുൻ ഡി.എം.ഒ ഡോ. എൻ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശ ദേവിയുമായി രണ്ടു ഡി.എം.ഒമാരാണ് ഇന്നലെ ഉച്ചക്ക് മൂന്നുമുതൽ കോഴിക്കോട് ഡി.എം.ഒ ഓഫിസിൽ ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റം മരവിപ്പിച്ച ട്രൈബ്യൂണൽ നടപടി അസാധുവാക്കിയെന്ന ഉത്തരവുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോ. ആശാദേവി സിവിൽ സ്റ്റേഷനിലെത്തിയത്. എന്നാൽ, ഡി.എം.ഒയുടെ ചുമതല കൈമാറാൻ നേരത്തെ ട്രൈബ്യൂണൽ ഉത്തരവുമായെത്തി കസേരയിലിരിക്കുന്ന ഡോ. രാജേന്ദ്രൻ തയാറായില്ല. ഇതോടെ ഡോ. ആശാദേവി രജിസ്റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേൽക്കുകയായിരുന്നു.
രജിസ്റ്ററിൽ ഒപ്പിട്ട ഡോ. ആശാദേവി ഡി.എം.ഒയുടെ കാബിനിൽ ഡോ. എൻ. രാജേന്ദ്രന് മുന്നിലെ സീറ്റിൽ ഇരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ആയിരുന്ന ഡോ. എൻ. രാജേന്ദ്രനെ അഡീഷനൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡി.എം.ഒ ആയ ഡോ. ആശാദേവിയെ കോഴിക്കോട് സി.എം.ഒ ആയും സ്ഥലം മാറ്റിയിരുന്നു. ഇതനുസരിച്ച് ഡോ. ആശ ദേവി പത്തിന് കോഴിക്കോട്ടെത്തി ഡോ. രാജേന്ദ്രനിൽ നിന്ന് ചുമതല ഏറ്റെടുത്തു.
എന്നാൽ, ഡോ. രാജേന്ദ്രൻ സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങി. ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോൺഫറൻസിൽ പങ്കെടുക്കാൻ അവധിയിൽ പോയിരിക്കെ 13ന് ഡോ. എൻ. രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവുമായി ഓഫിസിലെത്തി സ്വയം ചുമതല ഏറ്റെടുത്തു.
തുടർന്ന് ഡോ. ആശാദേവി ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചതോടെ, സ്ഥലംമാറ്റ ഉത്തരവിനെതിരെ ഇറക്കിയ സ്റ്റേ ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. തുടർന്നാണ് ഡോ. ആശാദേവി 23ന് കോഴിക്കോട് ഓഫിസിൽ ചുമതല ഏറ്റെടുക്കാനെത്തിയത്. എന്നാൽ, പ്രശ്നം രൂക്ഷമായിട്ടും ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ പരിഹാരമായില്ല. 12 മുതൽ കോഴിക്കോട് ഡി.എം.ഒ ഓഫിസിൽ കസേര തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് തയാറാവാത്തത് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്ങൾ ആരെ അനുസരിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.