തലയുയർത്തിനിൽക്കാം: ട്രാൻസ്ജെൻഡറുകളുടെ കൈപിടിച്ച് ഡോക്ടർമാർ
text_fieldsകോഴിക്കോട്: ചികിത്സാരംഗത്ത് കടുത്ത അവഗണനയും ചൂഷണവും നേരിടുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന് ഡോക്ടർമാരുടെ പിന്തുണ. ഇന്ത്യയിലെ ഡോക്ടർമാർ പഠിക്കുന്ന ഒരു സിലബസിലും പരാമർശിക്കപ്പെടാത്ത വിഭാഗമാണ് ട്രാൻസ്ജെൻഡറുകളെന്ന് 'പ്രൈഡ് ഇൻ പ്രാക്ടീസ്' ശിൽപശാലയിൽ പങ്കെടുത്ത ഡോക്ടർമാർ പറഞ്ഞു.
നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങളെന്തെന്ന് ഡോക്ടർമാരുടെ സമൂഹത്തിന് ഒരു പിടിയുമില്ല. തങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന ഒരു ഡോക്ടറെ പ്രതീക്ഷിച്ച് ക്ലിനിക്കിലെത്തുന്ന ട്രാൻസ്ജെൻഡറിന് പലപ്പോഴും നിരാശയാകും ഫലം.
ട്രാൻസ്ജെൻഡറുകളുടെ കൈപിടിച്ച് പ്രവർത്തിക്കാൻ ഡോക്ടർമാർ ആദ്യഘട്ടത്തിൽ തയാറായിരുന്നില്ല. സമൂഹത്തിൽ ട്രാൻസ്ജെൻഡറുകളോട് നിലനിൽക്കുന്ന അസ്പൃശ്യത തന്നെയായിരുന്നു കാരണമെന്ന് പ്രൈഡ് പ്രാക്ടീസ് സൊസൈറ്റി പ്രസിഡന്റ് ഡോ. പ്രത്യൂഷ പറഞ്ഞു.
ആരോഗ്യമേഖലയിൽ വലിയ ചൂഷണത്തിനാണ് ഇവർ വിധേയരാകുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ പലപ്പോഴും പറ്റിക്കപ്പെടുന്നു. അനന്യ കുമാരിയെപ്പോലെ ചിലർ മാത്രമാണ് ഇതേക്കുറിച്ച പരാതി പറഞ്ഞ് മുന്നോട്ടുവന്നത്.
താൻ പറ്റിക്കപ്പെട്ടുവെന്ന് തുറന്നുപറയാൻ മടിയുള്ളവരാണ് കൂടുതൽ പേരും. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ചെലവായ തുക പിന്നീട് നൽകുകയാണ് സർക്കാർ ചെയ്യാറുള്ളത്. ഈ തുക ശസ്ത്രക്രിയക്കായി നൽകാൻ തയാറാകണമെന്നും ഹോർമോൺ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യംകൂടി അനുവദിച്ചുനൽകണമെന്നും ട്രാൻജെൻഡറുകൾ ആവശ്യപ്പെടുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടി സമഗ്ര ആരോഗ്യപദ്ധതി നിർമിക്കണം എന്ന ലക്ഷ്യത്തോടെയാണ് ജെൻഡർ പാർക്കിൽ വെച്ച് ശിൽപശാല സംഘടിപ്പിച്ചത്. ജൂനിയർ മിസ്റ്റർ കേരള സുമേഷ് റാവു ഉദ്ഘാടനം ചെയ്തു. ഡോ. പീജ, ഡോ. സമീറ ജഹാഗിരിധർ, ജസ്റ്റിൻ ആന്റണി, ഡോ. അർജുൻ, സഞ്ജന, ഹായൻ എന്നിവർ സംസാരിച്ചു.
ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് തനിക്ക് അബദ്ധധാരണകൾ ഉണ്ടായിരുന്നുവെന്നും ജോലിയുടെ ഭാഗമായ പഠനമാണ് തന്റെ ധാരണകൾ മാറ്റിമറച്ചതെന്നും സബ് ജഡ്ജും ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ ഷൈജൽ എം.പി പ്രൈഡ് ഇൻ പ്രാക്ടീസ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. നിയമപരമായ സംശയങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ട്രാൻസ് കമ്യൂണിറ്റിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു. ഡോ. പ്രത്യൂഷയുടെ നേതൃത്വത്തിൽ 10 ഡോക്ടർമാരാണ് ട്രാൻസ്ജെൻഡറുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റിക്ക് രൂപംനൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.