'സാഹിത്യ നഗരം ഇനി ജനങ്ങളുടെ കൈയിൽ' -ഡോ. ബീന ഫിലിപ്
text_fieldsഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ കോഴിക്കോടിനെ തിരഞ്ഞെടുത്തതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കാനിരിക്കെ മേയർ ഡോ. ബീന ഫിലിപ് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
സാഹിത്യ നഗര പദവി ലഭിച്ചതിന് പിന്നിൽ കോഴിക്കോടിന്റെ പുരാതന സംസ്കാരവും സാഹിത്യവും പൈതൃകവുമെല്ലാം ഘടകമായിട്ടുണ്ട്. ഈയൊരു പദവിക്ക് എന്തുകൊണ്ടും അർഹതയുള്ളതാണ് ഈ പുരാതന തുറമുഖ നഗരം. പ്രഖ്യാപനത്തിനുശേഷമാണ് യഥാർഥ വെല്ലുവിളി. സ്ഥിരമായുള്ള പദവിയല്ല ഇത്. എല്ലാ നാല് കൊല്ലത്തിനുമിടെ പ്രവർത്തനം വിലയിരുത്തി മാത്രമേ യുനെസ്കോ പദവി പുതുക്കി നൽകുകയുള്ളൂ. അതിനാൽ നല്ലവരായ കോഴിക്കോട്ടുകാരുടെയും മലയാളികളുടെയും പൂർണ പിന്തുണയില്ലാതെ പദവി നിലനിർത്താനാവില്ല.
യുനെസ്കോ എങ്ങനെയാണ് പരിശോധിക്കുക?
സാഹിത്യനഗരമെന്ന നിലക്ക് കോഴിക്കോട്ട് നടക്കുന്ന പരിപാടികളെല്ലാം യുനെസ്കോ പരിശോധിക്കും. കോർപറേഷൻ നടത്തുന്ന പരിപാടി മാത്രമല്ല, സാഹിത്യനഗരത്തിലെ മുഴുവൻ പരിപാടികളും പുതുതായി തുറക്കുന്ന സൈറ്റിൽ അപ് ലോഡ് ചെയ്യും. ഉദാഹരണമായി ‘മാധ്യമം’ സാഹിത്യനഗരത്തിന്റെ ലോഗോ ഉപയോഗിച്ച് പരിപാടി നടത്തിയാൽ അതിന്റെ വിഡിയോയും ചെറുവിവരവും വെബ്സൈറ്റിൽ നൽകും. കോഴിക്കോട് എന്ന് പരതുമ്പോൾ ലോകമെങ്ങും സാഹിത്യ നഗരത്തിന്റെ സൈറ്റും എത്തുമെന്നതിനാൽ പരിപാടി നടത്തിയ സ്ഥാപനത്തിനും നേട്ടമുണ്ടാക്കാനാവും. പ്രത്യേക ജൂറി തെരഞ്ഞെടുത്ത ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും ഞായറാഴ്ച സാഹിത്യ നഗരം പ്രഖ്യാപനച്ചടങ്ങിൽ നടക്കും.
സാഹിത്യനഗരമാകുന്നതിന്റെ നേട്ടമെന്ത്?
സാഹിത്യ നഗര പദവി വഴി യുനെസ്കോയും നമ്മളും ലക്ഷ്യമിടുന്നത് സുസ്ഥിര വികസനമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 17 ലക്ഷ്യങ്ങളും അതോട് ചേർന്ന ഉപലക്ഷ്യങ്ങളും നാം ആർജിക്കണം. നഗരം ഇനി എന്തിനെപ്പറ്റി ചിന്തിക്കുമ്പോഴും ഈ പദവിയിലിരിക്കുന്ന നഗരമാണിതെന്ന് ഓർക്കേണ്ടിവരും. പഴയതിനെ ഓർത്ത് പുളകം കൊണ്ടിരിക്കാതെ, തിരിച്ചുകൊണ്ടുവരാനാവുന്നതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാനാവണം. അതോടൊപ്പം നമുക്ക് ലഭ്യമായ ഈ സർഗാത്മഗ ഭൂമിയിലെ കഴിവുകൾ മുന്നോട്ട് കൊണ്ടുപോവാനുമാവണം. അതുവഴി ചെറുപ്പക്കാരടക്കമുള്ളവർക്ക് നല്ല വരുമാനം ലഭിക്കണം. ഈ പദവി നിലനിർത്താൻ തനിക്കെന്ത് ചെയ്യാനാകും എന്ന് ചിന്തിച്ച് പ്രവർത്തിക്കണം. ഉദാഹരണമായി, ജോലി ചെയ്ത് മരവിച്ച മനസ്സുമായി കഴിയുന്ന ഉദ്യോഗസ്ഥർക്ക് അവരിലുറങ്ങുന്ന സർഗശേഷി പുറത്തെടുക്കാനായാൽ സന്തോഷത്തിലും സമൂഹത്തിന് ഉപകാരപ്രദമായ നിലയിലും ജോലി ചെയ്യാനാവും. നഗരം ഉദ്യോഗസ്ഥരടക്കം എല്ലാവർക്കും മാനസികോല്ലാസം നൽകുന്ന അവസ്ഥയിലേക്ക് ഉയർന്നാൽ ബ്യൂറോക്രസി എന്ന പേരുതന്നെ മാറ്റിത്തിരുത്താനാവും.
പൈതൃക നഗരങ്ങളിൽ സാഹിത്യനഗരത്തിന് പ്രധാന്യം കൂടുമോ?
യുനെസ്കോ പൈതൃക നഗര പദവി സാഹിത്യത്തിന് മാത്രമല്ല നൽകുന്നത്. ഏഴ് മേഖലകളിൽ പൈതൃക പദവി നൽകുന്നതിൽ സിനിമയും സംഗീതവും ഭക്ഷണവുമെല്ലാം ഉൾപ്പെടുന്നു. അതിൽ കോഴിക്കോടിന് ലഭിച്ചത് സാഹിത്യനഗര പദവിയാണെന്ന് മാത്രം. ഇതുവഴി ഇന്ത്യയടക്കം ലോകമെങ്ങുമുള്ള മറ്റ് മേഖലകളിലുള്ള പൈതൃക നഗരങ്ങളുമായി കോഴിക്കോടിന് ബന്ധം സ്ഥാപിക്കാനാവും. മറ്റ് പൈതൃക നഗരങ്ങളെ അപേക്ഷിച്ച് സാഹിത്യ നഗര പദവിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വാദിക്കുന്നില്ല. എന്നാൽ, സാഹിത്യത്തിന് വളരെ ഉയർന്ന ചിന്തയും പ്രവർത്തനവും ആവശ്യമായതിനാലും സാഹിത്യം എല്ലാ ജീവിതമേഖലകളെയും സ്പർശിക്കുന്നതായതിനാലും യുനെസ്കോയുടെ പൈതൃക നഗരങ്ങളിൽ എല്ലാ ജീവിത മേഖലയെും ഉൾക്കൊള്ളുന്ന വളരെ ഗൗരവമുള്ള പദവിയാണ് നമുക്ക് കിട്ടിയ സാഹിത്യ നഗര പദവി എന്ന് പറയാം.
അടുത്തമാസം പോർച്ചുഗലിൽ പോവുന്നതെന്തിന്?
സാഹിത്യ നഗര പദവി കിട്ടിയ നഗരങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്ന പോർച്ചുഗലിലെ ബ്രാഗ നഗരത്തിൽ നടക്കുന്ന 16ാം ‘യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക് വാർഷിക കോൺഫറൻസ് 2024’ൽ മേയറുടെ നേതൃത്വത്തിലുള്ള കോഴിക്കോടിന്റെ സംഘം പങ്കെടുക്കുന്നു. ജൂലൈ ഒന്നുമുതൽ അഞ്ച് വരെയുള്ള സമ്മേളനത്തിൽ സാഹിത്യ നഗര പദവിയുടെ രേഖകൾ ഏറ്റുവാങ്ങും. സാഹിത്യ നഗരം പദ്ധതിയുമായി കൂടുതൽ മുന്നോട്ട് പോവാൻ അന്താരാഷ്ട്ര സമ്മേളനം വഴിയാവുമെന്നാണ് പ്രതീക്ഷ. പോർച്ചുഗലിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണവും ഏഴാമത്തെ വലിയ മുനിസിപ്പാലിറ്റിയുമായ ബ്രാഗ 2017 മുതൽ യുനെസ്കോയുടെ പൈതൃക നഗരമാണ്. മീഡിയ ആർട്സ് സിറ്റി എന്ന പദവിയാണ് ആതിഥേയ നഗരത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.