കോഴിക്കോട് ഹജ്ജ് യാത്രാ വിമാനനിരക്കിൽ അരലക്ഷത്തോളം വർധന
text_fieldsകാസർകോട്: കരിപ്പൂരില്‍നിന്ന് ഹജ്ജ് യാത്രക്ക് പുറപ്പെടുന്നവർക്ക് യാത്രാ നിരക്ക് വർധന അരലക്ഷത്തോളം രൂപ. ഈ വർഷം കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർഥാടകർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000 രൂപയോളം അധികം നൽകേണ്ടിവരും.
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് 125,000 രൂപയാണ് ടെൻഡറിൽ രേഖപ്പെടുത്തിയിരുന്ന തുക. കൊച്ചിയിൽ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ 87,000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
നിരക്ക് വർധനക്ക് എതിരെ കടുത്ത ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ നിരക്ക് വർധന പുന:പരിശോധിച്ചു അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു.
കേരളത്തിൽ നിന്ന് നിലവിൽ 15,231 പേരാണ് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 5755 പേർ കോഴിക്കോടുനിന്നും 4026 പേർ കണ്ണൂരിൽ നിന്നും 5422 പേർ കൊച്ചിയിൽ നിന്നുമാണ് പുറപ്പെടുന്നത്. കണ്ണൂരിലും കൊച്ചിയിലും കഴിഞ്ഞ വർഷത്തെ നിരക്ക് സൗദി എയർലൈൻസ് നിലനിർത്തിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം 121,000 രൂപയായിരുന്ന കരിപ്പൂരിലെ വിമാനടിക്കറ്റ് നിരക്ക്. കണ്ണൂരിൽ 87,000 രൂപയും കൊച്ചിയിൽ 86,000 രൂപയുമാണ് ഈടാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ വർഷം കരിപ്പൂരിൽ 165,000 രൂപയായിരുന്നു ടെൻഡർ ഉറപ്പിച്ചിരുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുനഃക്രമീകരിച്ചാണ് 121,000 രൂപയാക്കിയത്. കരിപ്പൂരിലെ ഹജ്ജ് യാത്രക്കുള്ള അധിക ചാര്‍ജിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ന്യൂനപക്ഷ മന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്ക് കത്ത് നൽകിയെന്നും അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും എം.പി അറിയിച്ചു.
വിമാനക്കമ്പനികളുടെ ഹജ്ജ് യാത്രക്കാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളമാണ്, അതിനെ തകർക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണിതെന്നും ഹജ്ജ് തീർഥാടകരുടെ പ്രശ്നങ്ങൾക്ക് ആവശ്യമായ പ്രാമുഖ്യം നൽകാതെയുള്ള സംസ്ഥാന സർക്കാറിന്റെ നിലപാട് ശരിയല്ലെന്നും എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.