പ്രവാസി വ്യവസായിയുടെ 59 ലക്ഷം തട്ടിയ ഹണിട്രാപ് സംഘത്തിൽ ഒമ്പതു പേർ
text_fieldsകോഴിക്കോട്: കുന്ദമംഗലത്തെ പ്രവാസി വ്യവസായിയിൽനിന്ന് 59 ലക്ഷം രൂപയും കാറും സ്വർണമാലയും തട്ടിയതിനു പിന്നിൽ ഒമ്പതംഗ ഹണിട്രാപ് സംഘം. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഒ. സിന്ധു (46), പെരുമണ്ണ സ്വദേശി കളത്തിങ്ങൽ കെ. ഷനൂബ് (39), ഫാറൂഖ് കോളജ് സ്വദേശി അനുഗ്രഹയിൽ ശരത്കുമാർ (27) എന്നിവരിൽനിന്നാണ് ഒമ്പതംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.
മറ്റുള്ളവർ കോഴിക്കോട് സ്വദേശികളാണെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. സിന്ധുവിെൻറയും ഷനൂബിെൻറയും നേതൃത്വത്തിൽ കാരപ്പറമ്പ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചത്. മറ്റു പലരും ഇവരുടെ തട്ടിപ്പിനിരയായതായാണ് വിവരം. 2019 ഒക്ടോബറിലാണ് വ്യവസായിയെ സിന്ധു ഫോണിലൂടെ പരിചയപ്പെടുന്നത്. കോഴിക്കോട്ട് ഹോട്ടലും ബ്യൂട്ടിപാർലറും ഉണ്ടെന്നും പണം നൽകിയാൽ വ്യാപാരസ്ഥാപനങ്ങളിൽ പങ്കാളിയാക്കാമെന്നും വാഗ്ദാനം നൽകുകയായിരുന്നു. ഇതോടെ വ്യവസായി 17 ലക്ഷം രൂപ വിവിധ തവണയായി അയച്ചുനൽകി. ഇതിനിടെ കൈപ്പറ്റിയ തുകയുടെ ലാഭവിഹിതമെന്ന് പറഞ്ഞ് സിന്ധു മൂന്നു മാസം 50,000 രൂപവീതം വ്യവസായിക്ക് നൽകുകയും ചെയ്തു. ഇടപാടുകളിൽ കൂടുതൽ വിശ്വാസം നേടാനായിരുന്നു ഇങ്ങനെ ചെയ്തത്. പല സമയങ്ങളിലായി ബിസിനസ് ആവശ്യങ്ങൾക്കെന്നു പറഞ്ഞ് 42 ലക്ഷം രൂപകൂടി ഇവർ വാങ്ങി. നൽകിക്കൊണ്ടിരുന്ന ലാഭവിഹിതം മുടങ്ങിയതോടെ സംശയം ഉന്നയിച്ചപ്പോൾ വ്യാപാരകരാറിൽ ഉടൻ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, കരാറൊപ്പിടാൻ നാട്ടിലെത്തിയത് അറിയിച്ചതോടെ സിന്ധു ഫോണെടുക്കാതെ ഒഴിഞ്ഞുമാറി. കരാർ ഒപ്പിടുന്നില്ലെങ്കിൽ പണം തിരികെ വേണമെന്ന് പറഞ്ഞതോടെ തർക്കമായി. വ്യവസായി നടത്തിയ അന്വേഷണത്തിൽ സിന്ധുവിന് ഹോട്ടലും ബ്യൂട്ടിപാർലറുമൊന്നും ഇല്ലെന്നും വ്യക്തമായി. ഇതടക്കം ശ്രദ്ധയിൽപെടുത്തിയതോടെ കാരപ്പറമ്പിലെ തെൻറ ഫ്ലാറ്റിലെത്തിയാൽ പണം തിരികെ നൽകാമെന്ന് സിന്ധു അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 23ന് ഫ്ലാറ്റിലെത്തിയ വ്യവസായിയെ സിന്ധുവടക്കം ഒമ്പതുപേർ ചേർന്ന് മർദിക്കുകയും നഗ്നനാക്കി സിന്ധുവിനൊപ്പം നിർത്തി ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്തു. പരാതി നൽകിയാൽ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വ്യവസായിയുടെ അഞ്ചുപവെൻറ സ്വർണമാലയും കാറും സംഘം തട്ടിയെടുക്കുകയും ചെയ്തു. എന്നാൽ, മാസങ്ങൾക്കുശേഷം വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പരാതി നൽകിയത്. കേസിലെ പ്രതികളെല്ലാം നേരേത്തയും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ് ഉൾപ്പെടെ കേസുകളിൽ പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിനൊപ്പം ഭർത്താവെന്ന് പറഞ്ഞ് താമസിക്കുന്നയാളും ക്രിമിനൽ കേസ് പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. നടക്കാവ് ഇൻസ്പെക്ടർ എൻ. ബിശ്വാസ്, എസ്.ഐ എസ്.ബി. കൈലാസ്നാഥ് എന്നിവരുൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.