ഐ.ടിയിൽ കുതിക്കാൻ കോഴിക്കോട്
text_fieldsയുനെസ്കോയുടെ സാഹിത്യനഗര പദവിയിലൂടെ ലഭിച്ച അന്താരാഷ്ട്ര അംഗീകാരത്തിന് പിന്നാലെ ഐ.ടി രംഗത്തും വലിയ കുതിപ്പിന്റെ സാധ്യതകൾ തേടുകയാണ് കോഴിക്കോട്. പുരാതന കാലം മുതൽ ലോകത്തിന്റെ വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച നഗരം രാജ്യത്തെ മൂന്നാം നിര നഗരങ്ങളിൽ ഏറ്റവുമധികം വളർച്ചസാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. വിവര സാങ്കേതിക മേഖലയിലുള്ളവരെ ആകർഷിക്കുന്ന ഒട്ടേറെ ഘടകങ്ങൾ കോഴിക്കോടിനുണ്ട്.
മലബാർ മേഖലയിൽനിന്നുള്ള ഐ.ടി പ്രഫഷനലുകൾ നാട്ടിൽ തന്നെ ജോലി ചെയ്യാൻ കാണിക്കുന്ന താൽപര്യം കോഴിക്കോടിന് അനുകൂല ഘടകമാണ്. ഡെൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിൽ ഓഫിസും അനുബന്ധ സൗകര്യങ്ങളുമൊരുക്കൽ ഏറെ ഭാരിച്ച ചെലവ് വരുത്തുന്നതിനാൽ വൻകിട ഐ.ടി സ്ഥാപനങ്ങൾ വരെ ചെറുനഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനകേന്ദ്രം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വൻ നഗരങ്ങളിലെ വീർപ്പുമുട്ടലും മടുപ്പിക്കുന്ന തിരക്കുകളുമില്ലാതെ ജോലി ചെയ്യാവുന്നത് രണ്ടും മൂന്നും നിര നഗരങ്ങളിലാണെന്ന് സർവേകൾ സാക്ഷ്യപ്പെടുത്തുന്നു.
താരതമ്യേന ചെലവ് കുറഞ്ഞ താമസസൗകര്യങ്ങളും ദൂരം കുറഞ്ഞ ഓഫിസ് യാത്രയും കുറഞ്ഞ മലിനീകരണ തോതുമെല്ലാം പ്രഫഷനലുകളുടെ തൊഴിൽ സംതൃപ്തിക്ക് കാരണമാകുമ്പോൾ കൊഴിഞ്ഞുപോക്ക് കുറയുന്നുവെന്നതാണ് കമ്പനികൾക്കുണ്ടാകുന്ന നേട്ടം. ഡിജിറ്റൽ സൗകര്യങ്ങളിലെ മുന്നേറ്റവും ഇൻറർനെറ്റ് കണക്ടിവിറ്റിയും എവിടെ നിന്നും ഐ.ടി ബിസിനസ് ചെയ്യാൻ കമ്പനികളെ പ്രാപ്തരാക്കുന്നു.
വികസിക്കുന്ന സൈബർ പാർക്കുകൾ
പതിനായിരത്തിലേറെ ഐ.ടി, സാങ്കേതിക വിദഗ്ധർ ഇപ്പോൾത്തന്നെ നഗരത്തിലെ രണ്ടു സൈബർ പാർക്കുകളിലും മറ്റുമായി ജോലി ചെയ്യുന്നുണ്ട്. മിഡിലീസ്റ്റ്, അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം കോഴിക്കോട്ടെ ഐ.ടി സഥാപനങ്ങൾക്ക് ഉപഭോക്താക്കളുണ്ട്. നിലവിൽ മൂന്നുലക്ഷം ചതുരശ്ര അടിയുള്ള സർക്കാർ സൈബർ പാർക്ക് ഏഴുലക്ഷം ചതു.അടിയിലേക്ക് വികസിപ്പിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. ഐ.ടി പാർക്ക് എന്നതിനപ്പുറം പ്രതിഭകളെ ആകർഷിക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യങ്ങളുള്ള ഐ.ടി ടൗൺഷിപ്പാക്കുകയാണ് ലക്ഷ്യം.
ഊരാളുങ്കൽ ലേബർ കരാർ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള യു.എൽ സൈബർ പാർക്കിന് നിലവിൽ 4.82 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. 89 കമ്പനികളും 2500 ജീവനക്കാരുമുണ്ട്. അത് 9.82 ലക്ഷമാക്കി വികസിപ്പിക്കാനാണ് ശ്രമം. ഈയിടെ കോഴിക്കോട്ടെത്തിയ ഐ.ടി ഭീമനായ ടാറ്റ എൽക്സി ഇവിടത്തെ സൗകര്യങ്ങളിൽ സംതൃപ്തരാണ്.
നൂറിലേറെ സ്റ്റാർട്ടപ്പുകൾ, അഞ്ച് ഇൻകുബേഷൻ സെന്ററുകൾ, പ്രാദേശിക ഏയ്ഞ്ചൽ നെറ്റ് വർക്കുകൾ, 11,000 ത്തിലേറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ... കോഴിക്കോടിന് ഇതെല്ലാം പുതിയ സാധ്യതകളുടെ വലിയ ജാലകമാണ് തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.