എഴുത്തിന്റെ നഗരിക്ക് മധുരം നൽകാം
text_fieldsയുനെസ്കോയുടെ ലോക സാഹത്യ നഗര പദവി പ്രഖ്യാപനത്തിന്റെ ചരിത്ര മുഹൂർത്തത്തിൽ കോഴിക്കോട്. രാജകാലത്തെ അക്ഷരസദസ്സുകളിൽ തുടങ്ങിയ പൈതൃകവും സാഹിത്യവും നുണയുന്ന മധുരത്തെരുവുകളിലൂടെ നടന്ന് ഒട്ടേറെ മഹാമനുഷ്യർ തീർത്ത ഭാവനലോകവുമെല്ലാം കോഴിക്കോട്ടുകാർ ഈ അഭിമാന നിമിഷത്തിൽ ഓർക്കുന്നു...
സാഹിത്യ പൈതൃകം തുണയായി;54 നഗരങ്ങളാണ് ലോകത്ത് ഇതുവരെ സാഹിത്യനഗര പദവി കൈവരിച്ചത്
കോഴിക്കോട്: സാമൂതിരി കാലത്ത് തുടങ്ങിയതാണ് കോഴിക്കോടിന്റെ കലാ സാഹിത്യ പെരുമ. എഴുത്തുകാരൻ കൂടിയായ മാനവിക്രമൻ രാജ വിദ്വാന്മാരെയും കവികളെയും ക്ഷണിച്ചുവരുത്തി തളിക്ഷേത്ര പരിസരത്ത് പട്ടത്താനം വിദ്വൽ സദസ്സ് നടത്തിയത് അഞ്ഞൂറു കൊല്ലം മുമ്പാണ്. അന്ന് കോഴിക്കോട്ടെ പതിനെട്ടര കവികൾ പ്രസിദ്ധരായിരുന്നു. ആട്ടക്കഥകളുടെ ഉദ്ഭവവും സാമൂതിരി കാലത്താണ്.
മാപ്പിളപ്പാട്ട് കവികളും 13ാം നൂറ്റാണ്ട് മുതൽ കോഴിക്കോട്ട് സജീവം. 1607ൽ കോഴിക്കോട്ട് ഖാദി മുഹമ്മദ് അറബിമലയാളത്തിൽ എഴുതിയ മുഹിയുദ്ദീൻമാല വലിയ പ്രീതി നേടി. കുഞ്ഞാമു മുസ്ല്യാരെപ്പോലെ കോഴിക്കോട് കേന്ദ്രമാക്കിയ മാപ്പിളപ്പാട്ടുകാർ ഏറെയാണ്. അനീതിക്കും അനാചാരത്തിനുമെതിരെ എഴുതിയ വാഗ്ഭടാനന്ദഗുരുവിന്റെ കേന്ദ്രമാണ് കാരപ്പറമ്പ്. വി.സി. ബാലകൃഷ്ണപ്പണിക്കരടക്കം സാമൂതിരിമാർ ക്ഷണിച്ച് വരുത്തിയ കവികൾ ഏറെ. ഒ. ചന്തുമേനോൻ, അപ്പു നെടുങ്ങാടി തുടങ്ങിയ എഴുത്തുകാരുടെയും നിര ഈ നഗരത്തിനു സ്വന്തം.
കോഴിക്കോടൻ തെരുവിന്റെ കഥകൾ മലയാളത്തിന് നൽകിയ ലോക സഞ്ചാരി എസ്.കെ. പൊറ്റെക്കാട്ട്, നഗരത്തിലെ എണ്ണപ്പാടം മലയാളത്തിന് സുപരിചിതനാക്കിയ എൻ.പി. മുഹമ്മദ്, മാപ്പിളത്തറവാടുകളെപ്പറ്റി എഴുതിയ പി.എ. മുഹമ്മദ് കോയ, വയനാടിനെ പകർത്തിയ പി. വത്സല തുടങ്ങിയവർ ജനിച്ചുവളർന്ന നഗരത്തിലേക്ക് മറ്റിടങ്ങളിൽനിന്ന് എഴുത്തുകാർ കൂടുകൂട്ടുകയായിരുന്നു. കെ.ടി. മുഹമ്മദും നിലമ്പൂർ ആയിഷയും കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്കരനും മാമുക്കോയയും കുതിരവട്ടം പപ്പുവും കെ.പി. ഉമ്മറും ശാന്താദേവിയും ബാലൻ കെ.നായരുമെല്ലാമായി ഇവിടം കേന്ദ്രമാക്കി നാടകപ്പെരുമ ഉയർത്തിയവരുടെ പേരുകളുമുണ്ട്.
വൈക്കം മുഹമ്മദ് ബഷീറും സഞ്ജയനും ഉറൂബും കുട്ടിക്കൃഷ്ണമാരാരും പുനത്തിൽ കുഞ്ഞബ്ദുല്ലയും യു.എ. ഖാദറും കെ.എ. കൊടുങ്ങല്ലൂരും എൻ.വി. കൃഷ്ണവാരിയരും കുഞ്ഞുണ്ണിയും കെ.പി. കേശവമേനോനും എൻ.എൻ. കക്കാടുമെല്ലാം ജീവിച്ച നഗരം മലയാളത്തിന്റെ ഒരേയൊരു എം.ടി. വാസുദേവൻ നായരടക്കം താമസിക്കുന്നയിടം കൂടിയാണ്. ബാബുരാജിന്റെയും ഒളിമ്പ്യൻ റഹ്മാന്റെയും നഗരത്തിന് പാട്ടും കളിയും സാഹിത്യത്തോടൊപ്പം പ്രാണവായുവാണ്. കോഴിക്കോട്ട് 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുണ്ട്. പത്രങ്ങളുടെയും പ്രസാധകരുടെയും ആസ്ഥാനം കൂടിയാണിവിടം.
ഇതുവരെ 54 ലോക നഗരങ്ങളാണ് സാഹിത്യനഗര പദവി നേടിയത്. ഇവയോടെല്ലാം പറഞ്ഞ് നിൽക്കാനുള്ള പൈതൃകം കോഴിക്കോടിനുണ്ട്.
സാഹിത്യ നഗരത്തിലേക്കുള്ള വഴി
സാഹിത്യ നഗരം പദ്ധതിക്കായി കോർപറേഷൻ ബജറ്റിൽ ഒരു കോടി രൂപയാണ് നീക്കിവെച്ചത്. പദവിക്കായി കോഴിക്കോട് കോർപറേഷൻ കേന്ദ്രസർക്കാർ അംഗീകാരത്തോടെയാണ് യുനെസ്കോക്ക് അപേക്ഷ നൽകിയത്. സാഹിത്യനഗരത്തിനായി കോഴിക്കോട്, സംഗീതനഗരമായി ഗ്വാളിയോർ എന്നിവയുടെ അപേക്ഷകളാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. ഡൽഹിയിലെത്തി മേയർ ഡോ. ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, കേന്ദ്ര വിദ്യാഭ്യാസ സാംസ്കാരിക മന്ത്രാലയം, കേന്ദ്രസാഹിത്യ അക്കാദമി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായാണ് നടപടികൾ.
കോർപറേഷൻ നൽകിയ അപേക്ഷക്ക് കേന്ദ്രത്തിന്റെ ഇന്ത്യൻ നാഷനൽ കമീഷൻ ഫോർ കോഓപറേഷൻ വിത്ത് യുനെസ്കോയുടെ അംഗീകാരവും കിട്ടി. ‘കില’യുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള ശ്രമങ്ങൾ നടത്തിയത്. സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗിൽനിന്നുള്ള ഗവേഷക വിദ്യാർഥി ലുഡ്മില കൊലാഷോവ കോഴിക്കോട്ടുവന്ന് കോർപറേഷൻ ബജറ്റ് അവതരണം വീക്ഷിച്ചു. കോഴിക്കോടും പ്രാഗ്നഗരവും താരതമ്യം ചെയ്യുകയും സാഹിത്യ നഗരം പദവി കിട്ടാനായി രേഖകൾ തയാറാക്കുകയും ചെയ്തു. എൻ.ഐ.ടി, ഐ.ഐ.എം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, പുസ്തക പ്രസാധകർ എന്നിവരെല്ലാം പദ്ധതിയുമായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.