വിട്ടുനിന്ന് കോഴിക്കോട് മേയർ; ക്വിറ്റ് ഇന്ത്യ വാർഷിക ദിനാചരണത്തിൽ പങ്കെടുത്തില്ല
text_fieldsകോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന് സി.പി.എം പരസ്യമായി തള്ളിപ്പറഞ്ഞ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഇന്ന് നിശ്ചയിച്ചിരുന്ന പൊതുപരിപാടിയിൽ നിന്ന് വിട്ടുനിന്നു. ക്വിറ്റ് ഇന്ത്യ വാർഷിക ദിനാചരണ ചടങ്ങിൽ നിന്നാണ് മേയർ വിട്ടുനിന്നത്. പൊതുജന സമ്പർക്ക വകുപ്പും മലബാർ ക്രിസ്ത്യൻ കോളജും ചേർന്നാണ് ഇന്നത്തെ പരിപാടി സംഘടിപ്പിച്ചത്. സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തതിൽ സി.പി.എം മേയർക്കെതിരെ നടപടിയെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിട്ടുനിൽക്കൽ. മേയർക്ക് പകരം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മേയര്‍ ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞു.
ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്‍റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണമെന്നും മേയർ പറഞ്ഞിരുന്നു.
മേയറുടെ നടപടി വിവാദമായതോടെ ബീന ഫിലിപ്പിനെ തള്ളി സി.പി.എം രംഗത്തെത്തി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സി.പി.എം എല്ലാ കാലത്തും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.