കോഴിക്കോട് മെഡി. കോളജ് അക്രമം: പ്രതികളെ തൊടാനാവാതെ പൊലീസ്; പ്രതിഷേധം ശക്തമാവുന്നു
text_fieldsകോഴിക്കോട്: മെഡി. കോളജിൽ സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും അക്രമിച്ച കേസിൽ അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനായില്ല. പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പൊലീസ് പറയുന്നതല്ലാതെ പ്രതികളെ തൊടാനാവത്ത അവസ്ഥയിലാണ് പൊലീസ്. കേസിൽ പ്രതി ചേർത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ. അരുൺ, ഇരിങ്ങാടൻ പള്ളി സ്വദേശികളായ കെ. രാജേഷ്, എം.കെ. ആഷിൻ, മായനാട് ഇയ്യക്കാട്ടിൽ മുഹമ്മദ് ഷബീർ എന്നിവർ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയിട്ടുണ്ട്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികൾക്കായി തിങ്കളാഴ്ച പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് വിവരം. ഇരിങ്ങാടൻപള്ളി സ്വദേശികളായ സജിൻ മഠത്തിൽ, പി.എസ്. നിഖിൽ, കോവൂർ സ്വദേശി കിഴക്കേപറമ്പ് ജിതിൻലാൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് മൂന്നുപേർ. കണ്ടാലറിയാവുന്ന 16 ആളുടെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ ദിനേശനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരണംവരെ സംഭവിക്കാവുന്ന കഠിന ദേഹോപദ്രവത്തിന് ക്രിമിനൽ നിയമം 308 വകുപ്പു പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ സുരക്ഷ ജീവനക്കാരെയും രോഗികൾക്കൊപ്പമെത്തിയവരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ചതിന് ശിക്ഷാനിയമം 323 (ബോധപൂർവം പരിക്കേൽപിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 332 (പൊതുസേവകനെ ആക്രമിക്കൽ), 347 (തടഞ്ഞുവെക്കൽ) തുടങ്ങിയ കുറ്റങ്ങൾക്കായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്കെതിരെയുള്ള ആക്രമണം തടയൽ നിയമപ്രകാരം 2012ലെ മൂന്ന്, നാല് വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റല്ലാത്ത മറ്റെല്ലാ നടപടികളും ഒരു സമ്മർദത്തിനും വഴങ്ങാതെ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, രാഷ്ട്രീയ സമ്മർദംമൂലമാണ് മുഖ്യപ്രതികൾ ചുറ്റുവട്ടത്തുണ്ടായിട്ടും പൊലീസിന് തൊടാനാവാത്തത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പൊലീസ് സേനക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്ന മെഡി. കോളജ് പ്രവേശന കവാടത്തിലായിരുന്നു ബുധനാഴ്ച രാവിലെ 9.45ഓടെ സുരക്ഷ ജീവനക്കാർക്കുനേരെ ആക്രമണം നടന്നത്. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനും സംഭവസ്ഥലത്തുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനുംനേരെ മർദനമുണ്ടായി. ഇവരെല്ലാം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ വിമുക്ത ഭടന്മാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കേരള പത്രപ്രവർത്തക യൂനിയന്റെയും പ്രതിഷേധം ശക്തമാവുന്നുണ്ട്. യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച മെഡി. കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.