Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം: 'പ്രതികൾ ഇനിയും ആക്രമിക്കുമോ എന്ന ഭയത്തിലാണ് ഞങ്ങൾ'

text_fields
bookmark_border
കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം:  പ്രതികൾ ഇനിയും ആക്രമിക്കുമോ എന്ന ഭയത്തിലാണ് ഞങ്ങൾ
cancel

കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷ ഡ്യൂട്ടിക്കിടെ ഡി.വൈ.എഫ്.ഐ നേതാവിൽനിന്ന് വയറിനും മുതുകിനും നെഞ്ചിനുമേറ്റ മർദനത്തിനും പരിക്കിനും അപ്പുറം സെക്യൂരിറ്റി ജീവനക്കാരനായ ദിനേശനെ വ്യാകുലപ്പെടുത്തുന്നത് പെൺമക്കളുടേയും ഭാര്യയുടേയും നെഞ്ചുപൊട്ടിയ നിലവിളിയാണ്. വർഷങ്ങളായി രോഗിയാണ് പട്ടാളത്തിൽനിന്നു വിരമിച്ച ദിനേശൻ. നട്ടെല്ലിന് നേരത്തേ ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ടു പെൺമക്കളുടെ പഠനവും വീടുവെക്കലും എല്ലാം ചേർന്ന ദുരിതമാണ് വയ്യായ്കൾക്കിടയിലും സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യാൻ ദിനേശനെ നിർബന്ധിതനാക്കിയത്.

ഒന്നരവർഷം മുമ്പ് കാൽമുട്ടുകൾക്ക് ചികിത്സ വേണ്ടിവന്നു. വിദഗ്ധ പരിശോധനയിൽ നട്ടെല്ലിനാണ് അടിയന്തര ചികിത്സ വേണ്ടതെന്നായിരുന്നു ഡോക്ടറുടെ നിഗമനം. സർജിക്കൽ ഇംപ്ലാന്‍റല്ലാതെ മാർഗമില്ലെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ ടൈറ്റാനിയം ഇംപ്ലാന്‍റിന് വിധേയനായി. വലിയ വിശ്രമത്തിനൊന്നും കാത്തുനിൽക്കാതെ വീണ്ടും ജോലിയിൽ പ്രവേശിച്ചു. സ്ഥിരമായി നിന്നുകൊണ്ട് ജോലിചെയ്യുന്നതുമൂലം കാൽമുട്ട് വേദന താങ്ങാൻ വയ്യാതായി. അവസാനം കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായി. രണ്ടു മുട്ടുകളും മാറ്റിവെക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അതിനുവേണ്ട സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ തൽക്കാലം വേദനമറന്ന് ജോലിചെയ്യുകയായിരുന്നു. അതിനിടെയാണ് ഡ്യൂട്ടിക്കിടെ ഒരു സംഘമെത്തി മൃഗീയമായി മർദിച്ചത്.

മർദന ദൃശ്യങ്ങൾ ടി.വിയിലൂടെ കണ്ട് ശരിക്കും നെഞ്ചുകലങ്ങിപ്പോയെന്ന് ദിനേശന്‍റെ ഭാര്യ നളിനി പറഞ്ഞു. ''മെഡിക്കൽ കോളജിന് മുന്നിൽ ഇത്രയും പേരുടെ മുന്നിൽവെച്ച് ഒരു മൃഗത്തെയെന്നപോലെ നിലത്തിട്ട് ചവിട്ടുന്നതുകണ്ട് സഹിക്കാൻ കഴിയാതെ ടി.വി ഓഫാക്കുകയായിരുന്നു ഞങ്ങൾ. പാസില്ലാത്തവരെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിടേണ്ടെന്നാണ് നിർദേശം. മുഖ്യപ്രതിയും ഡി.വൈ.എഫ്.ഐ നേതാവുമായ കെ. അരുണും ഭാര്യയും പിതാവും വന്നപ്പോൾ പാസില്ലാതെ അകത്തേക്ക് പോകാൻപറ്റില്ലെന്ന് പറഞ്ഞു. അപ്പോൾ ഉന്തും തള്ളുമുണ്ടായി. പാസില്ലാതെ നിരവധി പേർ കാത്തുനിൽക്കുമ്പോൾ ഇവരെമാത്രം കടത്തിവിടാൻ കഴിയുമോ? അരമണിക്കൂറിനകം ഗുണ്ടകളെയും കൂട്ടി തിരിച്ചെത്തിയ ശേഷമായിരുന്നു മൃഗീയ മർദനം''-ദിനേശൻ പറഞ്ഞു.

പരിക്കുകൾ ഭേദപ്പെട്ടാൽപോലും ഇനി എങ്ങനെയാണ് പിതാവിനെ ജോലിക്ക് പറഞ്ഞയക്കുക എന്ന ആശങ്കയിലാണ് മക്കളായ കാവ്യയും കീർത്തനയും. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണ്. ഇതുവരെ അവരെ അറസ്റ്റ് ചെയ്യാൻപോലും കഴിഞ്ഞിട്ടില്ല. രാത്രിയിലും മറ്റും ജോലിചെയ്യുന്നതിനിടെ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ട്. കേസുമായി മുന്നോട്ടുപോയാൽ കുടുംബം ആക്രമിക്കപ്പെട്ടേക്കുമോ എന്നും ഇവർ ഭയപ്പെടുന്നു. ഈ ഭയപ്പാടുകൾക്കിടയിലും വീടിന്‍റെ ലോണടവും മകളുടെ വിവാഹത്തിന്‍റെ ലോണിന്‍റെ ബാക്കി തിരിച്ചടവും എല്ലാം കുടുംബത്തെ അലട്ടുന്നു.

''നിവൃത്തികേടു കൊണ്ടുമാത്രമാണ് അച്ഛനെ ജോലിക്കയക്കുന്നത്. പക്ഷേ, ഇനി ധൈര്യമില്ല. ഞങ്ങളെയോ അച്ഛനെയോ വീണ്ടും ആക്രമിക്കുമോ എന്നാണ് ഭയം. അച്ഛനല്ലാതെ ഞങ്ങൾക്ക് മറ്റാരുമില്ലല്ലോ...''-മകൾ കീർത്തന പറഞ്ഞു.

മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്കാണ് മർദനത്തിൽ പരിക്കേറ്റത്. കൂടുതൽ അടിയും ചവിട്ടും കിട്ടിയത് പുന്നശ്ശേരി കട്ടയാട്ട് ദിനേശനായിരുന്നു. അന്നുതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും വൈകീട്ട് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിലും മുതുകിലും മുഖത്തും ചവിട്ടേറ്റ് നീലിച്ച പാടുകളുണ്ട്. കീഹോൾ സർജറി ചെയ്ത കാൽമുട്ടിലുമുണ്ട് പരിക്കുകൾ. മാറ്റിവെച്ച നട്ടെല്ലിന് താഴെ വലിയ മുറിവുണ്ട്. മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ദിനേശൻ.

ആശുപത്രിയിലെ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും സംഘംചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റുചെയ്യാതെ പൊലീസ്.

ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറി കെ. അരുൺ അടക്കം ആറു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ആശുപത്രിയിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് പ്രതികളുടെ ചിത്രമടക്കം കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസിന് ലഭ്യമായിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് വൈകിക്കുന്നത് ഇവർക്ക് മുൻകൂർ ജാമ്യം ലഭിക്കാനാണെന്ന ആരോപണവും ഇതോടെ ശക്തമാണ്. സംഘടിതമായാണ് ആശുപത്രിയിലെ മൂന്നു സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത്. ഇത് റിപ്പോർട്ട് ചെയ്യവെയാണ് അക്രമികൾ 'മാധ്യമം' സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെയും മർദിച്ചത്. പരിക്കേറ്റവർ പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നു മാത്രമല്ല ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്. പ്രതികളെ അന്വേഷിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പ്രതികളുടെ വീടുകളിൽപോലും അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വെള്ളിയാഴ്ച വൈകീട്ട് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനും ഇൻസ്‍പെക്ടർ ബെന്നി ബാലുവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുരക്ഷ ജീവനക്കാരൻ ദിനേശനെ സന്ദർശിച്ചു. പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധമറിയിച്ച ദിനേശന്റെ ബന്ധുക്കൾ തങ്ങൾക്കുനേരെ ഇനിയും ഭിഷണിയുണ്ടാകുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode medical college
News Summary - Kozhikode Medical College attack: 'We are afraid that the accused will attack again'
Next Story