അനിതയോട് കടുത്ത അനീതി: പീഡനത്തിനിരയായ യുവതിയെ പിന്തുണച്ച നഴ്സിനെ ഇന്നും ജോലിയിൽ പ്രവേശിപ്പിച്ചില്ല
text_fieldsകോഴിക്കോട്: പീഡനത്തിനിരയായ യുവതിക്ക് നീതി വാങ്ങിക്കൊടുക്കാൻ ഒപ്പം നിന്നതിന്റെ പേരിൽ സീനിയർ നഴ്‌സിങ് ഓഫിസറോട് പച്ചയായ അനീതി കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. സ്ഥലംമാറ്റം റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും അഞ്ചാം ദിനവും അധികൃതർ അനങ്ങിയിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റ നടപടി നേരിട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി. അനിതക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ഒന്നാം തീയതി ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവുമായി എത്തിയെങ്കിലും അനിതയെ ജോലി ചെയ്യാൻ മെഡിക്കൽ കോളജ് അധികൃതർ അനുവദിച്ചിട്ടില്ല. നീതി നിഷേധത്തിനെതിരെ പ്രിൻസിപ്പൽ ഓഫിസിന് മുമ്പിൽ സമരം ചെയ്യുകയാണ് ഇവർ.
തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ഇന്നലെ ഉപരോധിച്ചു. അനിതയെ ജോലിയിൽ തിരിച്ചെടുത്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ യു.ഡി.വൈ.എഫ് നിലപാട് വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ചയും ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ എൻ. പത്മനാഭനെ ഇവർ ഉപരോധിച്ചത്. യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി ടി. മൊയ്‌തീൻ കോയ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, എം. ഷിബു, ഷഫീക്ക് അരക്കിണർ, എ. ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ, എം. ജിതിൻ, സലൂജ് രാഘവൻ, ജിമീഷ് കോട്ടുളി, സി. ഷാജി, സന്ദീപ് ചെലവൂർ, കെ.സി. പ്രവീൺ എന്നിവർ നേതൃത്വം നൽകി. ഉപരോധസമരം നീണ്ടതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി. അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
2023 മാര്‍ച്ച് 18-ന് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് പാതിമയക്കത്തില്‍ ഐ.സി.യുവില്‍ കിടക്കുമ്പോള്‍ ആശുപത്രി അറ്റന്‍ഡന്റ് എം.എം. ശശീന്ദ്രന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് അനിത ഇരയ്ക്കനുകൂലമായി മൊഴി നൽകിയത്. നവംബര്‍ 28ന് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അനിത അവധിയിലും പ്രവേശിച്ചിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് ലഭിച്ചതും. എന്നാല്‍, നേരത്തേ സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള സ്ഥലംമാറ്റമായതിനാല്‍ അവിടെനിന്നുള്ള അനുമതിവന്നാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാനാവൂ എന്ന നിലപാടാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്വീകരിച്ചത്. പ്രിന്‍സിപ്പല്‍ അവധിയായതിനാല്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി. പത്മനാഭനോടാണ് കാര്യങ്ങള്‍ സംസാരിച്ചത്.
അതേസമയം, അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്ത കെ.കെ. രമ എം.എല്‍.എ അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.
സർക്കാറിന്‍റെ ദ്രോഹനടപടി പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തത് -കെ.കെ. രമ
ഐ.സി.യുവിൽ നടന്ന പീഡനവും നീതി ലഭ്യമാക്കാൻ ശ്രമിച്ച വനിത ജീവനക്കാരിക്കുനേരെ നടക്കുന്ന സർക്കാറിന്‍റെ ദ്രോഹനടപടികളും പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതാണെന്ന് സമരം ചെയ്യുന്ന പി.ബി. അനിയെ സന്ദർശിച്ച കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വനിതകളായ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും മുൻ ആരോഗ്യമന്ത്രിയും വടകരയിലെ സ്ഥാനാർഥിയുമായ കെ.കെ. ശൈലജ ടീച്ചറും നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.
കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.കെ. രമ ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തിൽ അനിശ്ചിതകാല ഉപവാസം ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നഴ്സിങ് ഓഫിസറെ തിരിച്ചെടുക്കണം -അന്വേഷി
മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് നീതി ലഭിക്കാന്‍ ഒപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫിസര്‍ പി.ബി. അനിതയെ അവര്‍ക്കര്‍ഹമായ തസ്തികയില്‍ തിരിച്ചെടുക്കണമെന്ന് അന്വേഷി ആവശ്യപ്പെട്ടു.
അനിത ഹൈകോടതിയെ സമീപിച്ചപ്പോൾ അവരുടെ തസ്തികയില്‍തന്നെ തിരിച്ചു നിയമിക്കാന്‍ ഉത്തരവുണ്ടായി. ഉത്തരവ് കിട്ടിയതിനുശേഷവും നീതി നിഷേധിച്ചു കൊണ്ടുള്ള ആരോഗ്യ വകുപ്പ് നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹവും സര്‍ക്കാറിനുതന്നെ അപമാനകരവുമാണ്. ശക്തമായ പ്രതിഷേധിക്കുന്നതായി അന്വേഷി പ്രസിഡന്റ് കെ. അജിത, സെക്രട്ടറി പി. ശ്രീജ എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.