രോഗിക്ക് കമ്പി മാറിയിട്ട സംഭവം: പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായിരുന്നതിനാൽ വിദഗ്ധ പരിശോധനക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ല. ആരോഗ്യമന്ത്രിയെ കാര്യം ബോധിപ്പിച്ചെന്നും ഡോ. ജേക്കബ് മാത്യു വ്യക്തമാക്കി.
ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാൻ മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്തു നിന്ന് എല്ലിനോട് ചേർന്നാണ് ഈ കമ്പി തൽകാലത്തേക്ക് ഇട്ടത്. ഇത് നാലാഴ്ച കഴിഞ്ഞാൽ മാറും. ആദ്യമിട്ട പ്ലേറ്റ് എടുക്കില്ല. ഇതാണ് സംഭവമെന്നും കമ്പി മാറിയതല്ലെന്നും ഡോക്ടർ വിശദീകരിച്ചു. മറ്റ് രോഗികൾക്കും ഇങ്ങനെയാണ് സാധാരണ ചെയ്യാറുള്ളത്. ബന്ധുക്കളുടെ പരാതി തെറ്റിദ്ധാരണ ജനകമാണ്. വസ്തുതകൾ അറിയാതെ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സർജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്. പരാതിയിൽ ചികിത്സാ പിഴവുൾപ്പെടെയുള്ള വകുപ്പ് ചേർത്ത് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.