ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്
text_fieldsതിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്.
തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാല്‍ തന്നെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികള്‍ക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകള്‍ (അന്യൂറിസം) ഉണ്ടായാല്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്ന രോഗമാണ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്. എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കോയിലിംഗ് ടെക്‌നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാന്‍ സാധിക്കുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴല്‍ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവ ഉപയോഗിച്ച് കുമിള അടയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.
സംസ്ഥാനത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികള്‍ക്ക് ഈ ചികിത്സ നല്‍കിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്‌ളോ ഡൈവെര്‍ട്ടര്‍ ചികിത്സയും 60ലേറെ രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി.
സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്ത് കൊടുക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പ്രൊസീജിയറിന് ആവശ്യമായ കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ.
പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, സുപ്രണ്ട് ഡോ. ശ്രീജയന്‍ എം.പി എന്നിവരുടെ ഏകോപനത്തില്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് അസി പ്രൊഫ. ഡോ. രാഹുല്‍ കെ.ആര്‍., ഡോ. പ്രസാദ്, റേഡിയോഗ്രാഫര്‍മാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്‌സുമാരായ റീന, ജിസ്‌നി, അപര്‍ണ, അനുഗ്രഹ് എന്നിവരാണ് ഈ ചികിത്സ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.