ഊരാളുങ്കൽ സൊസൈറ്റിക്ക് കോഴിക്കോട് നഗരസഭ 18.28 ലക്ഷം അധികമായി നൽകിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് സെൻറേജ് ചാർജായി കോഴിക്കോട് നഗരസഭ 18.28 ലക്ഷം രൂപ അധികമായി നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഫീസ് ആധുനീകരണം എന്ന പദ്ധതിയുടെ കരാറിലാണ് 2.5 ശതമാനത്തിന് പകരം അഞ്ച് ശതമാനം തുക നഗരസഭ അനുവദിച്ചത്.
ഓഫീസ് ആധുനീകരണം എന്ന പ്രവർത്തിയുടെ ഭാഗമായി സിവിൽ വർക്കുകൾക്ക് ഊരാളുങ്കൽ കരാറിൽ ഏർപ്പെടുന്നത് 2019 മാർച്ചിലാണ്. ഇലക്ട്രിക്കൽ വർക്കുകൾക്ക് 2019 ജൂലായിലും. അതിനാൽ അവർക്ക് ഇതുവരെയുള്ള പ്രവർത്തി മൂല്യത്തിന്റെ 2.5 ശതമാനം ആയ 18.28 ലക്ഷം രൂപയാണ് നൽകേണ്ടത്. അതിന് പകരം കോഴിക്കോട് നഗരസഭ 36.57 ലക്ഷം സെൻറേജ് ചാർജായി നല്‌കിയത് സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്ന് പരിശോധയിൽ കണ്ടെത്തി. നഗരസഭ മറുപടി ഇതിന് നല്കിയിട്ടില്ല.
നഗരസഭ 2019-2020 ലെ വാർഷിക പദ്ധതിയിൽ ഓഫീസ് ആധുനീകരണത്തിന് ഊരാളുങ്കലുമായി 2019 ജൂൺ ആറിന് കരാർ ഉറപ്പിച്ചു. കരാർ പ്രകാരം പൂർത്തീകരണ കാലയളവ് രണ്ട് വർഷമായിരുന്നു. പിന്നീട് പൂർത്തികരണ കാലയളവ് നീട്ടി നൽകിയ 2022 മാർച്ച് 21ന് പ്രവർത്തികൾ പൂർത്തികരിച്ചു.
സിവിൽ വർക്കുകൾക്ക് അഞ്ച് പാർട്ട് ബില്ലുകളിലായി 5,51,96,353 രൂപയും മൂന്ന് ശതമാനം സെൻറേജ് ചാർജായ 27,59,817 രൂപയും ചേർത്ത് 5,79,56, 171 രൂപയും ഇലക്ട്രിക്കൽ വർക്കുകൾക്ക് ആകെ1,79,44,700 രൂപയും അതിന് സെൻറേജ് ചാർജായി ശതമാനം വച്ച് 8,97,238 രൂപയും ഊരാളുങ്കലിന് നൽകി.
2020 ലെ സർക്കാർ ഉത്തരവ് പ്രകാരം അക്രഡിറ്റഡ് ഏജൻസികൾ തദ്ദേശ സ്ഥാപനങ്ങളുമായി എഗ്രിമെൻറ് വച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നതും പൂർത്തിയാക്കിയതുമായി പ്രവർത്തികൾക്ക് നിലവിലുള്ള നിരക്കായ 2.5 ശതമാനം സെന്റേജ് ചാർജ് ആണ് നൽകേണ്ടത്. പുതിയതായി എഗ്രിമന്റെ് വച്ച് നടപ്പിലാക്കുന്ന പ്രവർത്തികൾക്ക് 2017ലെ ഉത്തരവിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് അഞ്ച് മുതൽ എട്ട് വരെ സെൻറേജ് ചാർജ് അനുവദിക്കാം. സർക്കാർ ഉത്തരവ് ലംഘിച്ചാണ് ഊരാളുങ്കലിന് 18.28 ലക്ഷം നൽകിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.