കോഴിക്കോട് എൻ.ഐ.ടിയിൽ പരസ്യ സ്നേഹപ്രകടനം വിലക്കി സർക്കുലർ
text_fieldsചാത്തമംഗലം: കോഴിക്കോട് എന്.ഐ.ടി കാമ്പസിലെ പൊതു ഇടങ്ങളിൽ പരസ്യമായ സ്നേഹപ്രകടനങ്ങൾ വിലക്കി സർക്കുലർ. സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഡോ. ജി.കെ. രജനികാന്താണ് സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസത്തിനും അക്കാദമിക് കാര്യങ്ങൾക്കുമുള്ള ഇടമാണ് കാമ്പസെന്ന് ഓർമിപ്പിച്ച് തുടങ്ങുന്ന സർക്കുലറിൽ അക്കാദമിക് ഏരിയകൾ, വിശ്രമ മുറികൾ, വെളിച്ചമില്ലാത്ത പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥികൾ സ്വകാര്യ പ്രവർത്തനങ്ങളിലും പരസ്യ സ്നേഹപ്രകടനത്തിലും ഏർപ്പെടുന്നത് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ഇത് വിദ്യാഭ്യാസ അന്തരീക്ഷത്തിൽനിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു. ഉഭയ സമ്മതത്തോടെയാണെങ്കിലും അത്തരം പ്രവർത്തനങ്ങൾ കാമ്പസിൽ നടത്തുന്നത് ഉചിതമല്ലെന്നും വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സ്ഥാപനത്തിലെ കർശനമായ നയങ്ങളുടെ ലംഘനം അച്ചടക്കനടപടിക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
സ്നേഹപ്രകടനങ്ങൾ അക്കാദമിക പ്രവർത്തനങ്ങളിൽനിന്ന് മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ കഴിവിനെ ബാധിക്കുകയും ചെയ്യും. കൂടാതെ, മറ്റുള്ള വിദ്യാർഥികളുടെ സ്വകാര്യ ഇടം ഇല്ലാതാക്കും. മറ്റുള്ളവരോടുള്ള അനാദരവായി കാണുകയും സാമൂഹിക ബന്ധങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യുമെന്നും സർക്കുലറിൽ അക്കമിട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ നമുക്കു ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ശ്രദ്ധാലുവാകണമെന്നും ഓർമിപ്പിക്കുന്ന സർക്കുലർ വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച് ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ഡീനിന്റെ ഓഫിസിൽ ബന്ധപ്പെടാവുന്നതാണെന്നും അറിയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.