വിളിച്ചാലും വിളിച്ചില്ലെങ്കിലും ഞാനുണ്ടാവുമെന്ന് അഭിജിത്; നിങ്ങളെയെല്ലാം കൂടെയെണ്ടാവുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ
text_fieldsകോഴിക്കോട്: നഗരഹൃദയത്തിലെ കാട്ടുവയൽ കോളനിയിൽ വോട്ടഭ്യർഥന നടത്തി നീങ്ങവെ കെ.എം. അഭിജിത്തിനോട് പ്രവർത്തകരാരോ പറഞ്ഞു. തൊട്ടടുത്ത ഫ്ലാറ്റിൽ മൂന്നാം നിലയിൽ ഏഴുമാസം പ്രായമായ കുഞ്ഞിന് ഗുരുതര രോഗവുമായി ഒഡിഷക്കാരിയുണ്ട്. പക്ഷേ, അവർക്ക് വോട്ടൊന്നുമില്ല. 'അതിനെന്താ?'.
സ്ഥാനാർഥി കോണി കയറി. താഴെ 53 കുടുംബങ്ങളിലായി നൂറുകണക്കിന് വോട്ടർമാരുള്ള കോളനിയിൽ ചെലവിട്ടതിനേക്കാൾ നേരം വോട്ടില്ലാത്ത ഒഡിഷക്കാരി യാസ്മിെൻറ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. 20 കൊല്ലമായി അവർ കോഴിക്കോട്ടെത്തിയിട്ടെന്നറിഞ്ഞപ്പോൾ വോട്ടർ പട്ടികയിൽ പേരുവരാത്തതിനെപ്പറ്റി അത്ഭുതപ്പെട്ടു. പലയിടത്തായി വാടകക്ക് താമസിച്ചതിനാലെന്നായിരുന്നു പ്രവർത്തകരുടെ മറുപടി. പ്രവർത്തകർക്കൊപ്പം ഓരോ വീടിനും മുന്നിലെത്തി സ്ഥാനാർഥി: 'ഞാൻ അഭി, എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാവും, വിളിച്ചാലും വിളിച്ചില്ലെങ്കിലും'.
നടക്കുന്നതിനിടെ സ്ഥാനാർഥിക്കൊപ്പമുള്ള നടക്കാവ് വാർഡ് നഗരസഭ കൗൺസിലറും മുൻ നടക്കാവ് സ്കൂൾ അധ്യാപികയുമായ അൽഫോൻസ മാത്യുവിെൻറ വിശദീകരണം: 'ചുവപ്പുകോട്ടയായിരുന്ന കോളനിയാണ്.
ഞാൻ വന്നപ്പോൾ സ്ഥിതിമാറി. കോളനിയിൽ ഏറെപേർ എെൻറ ശിഷ്യകളാണ്. ഓരോ വീട്ടിലും കയറി വീട്ടുടമയുടെ പേര് വിളിച്ചായിരുന്നു ടീച്ചർ സ്ഥാനാർഥിയെ പരിചയപ്പെടുത്തിയത്. 84 കാരി ജാനുവിെൻറ വീട്ടിലെത്തിയപ്പോൾ ഒരുകൊല്ലമായി വയ്യായ്കയാൽ റേഷൻ കടയിൽ പോവാനാവുന്നില്ലെന്ന് പരാതി.
വാതിൽപ്പടിയിൽ റേഷനെത്തിക്കാൻ യു.ഡി.എഫ് വന്നാൽ നടപടിയെന്ന് മറുപടി. രാവിലെ എടക്കാട്ടുനിന്ന് എരഞ്ഞിപ്പാലത്തേക്കാണ് സ്ഥാനാർഥിയുടെ പര്യടനം തീരുമാനിച്ചതെങ്കിലും നേരേ പോയത് മാവിളിക്കടവിലേക്കാണ്.
കൊന്നേനാട്ട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനത്തോടെ തുടങ്ങിയ പ്രചാരണം വെള്ളയിൽ ഹാർബറിലും പണിക്കർ റോഡ് കോർപറേഷൻ കോളനിയിലും വെസ്റ്റ് ഹിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്രയിലും എത്തി. തുടർന്ന് മാവിളിക്കടവിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് കുടുംബ സംഗമത്തിൽ അഭിജിത്തിെൻറ പ്രഖ്യാപനം: 'രാഘവേട്ടനെ മാതൃകയാക്കി മത-രാഷ്ട്രീയത്തിനതീതനായി നിങ്ങൾക്കൊപ്പമുണ്ടാവും.
കാരപ്പറമ്പ് പൊന്നമ്പറമ്പത്ത് മൂന്നുമണിക്ക് പ്രചാരണം തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ സ്ത്രീകളടക്കം പ്രവർത്തകരെത്തി. നിശ്ചിത നേരം കഴിഞ്ഞിട്ടും സ്ഥാനാർഥിയെത്താത്തതിൽ മുൻമേയർ തോട്ടത്തിൽ രവീന്ദ്രനെ അറിയുന്നവർക്ക് അത്ഭുതം. സമയനിഷ്ഠയിൽ കണിശക്കാരനാണ് അദ്ദേഹം.
വേങ്ങേരി നേതാജി കമ്യൂണിറ്റി ഹാളിൽ ടീം വെങ്ങേരി കൂട്ടായ്മ പെട്ടെന്നൊരുക്കിയ സ്വീകരണം കഴിഞ്ഞ് ഉടൻ അദ്ദേഹമെത്തിയപ്പോഴേക്കും തെരഞ്ഞെടുപ്പ് ജയിച്ചാലെന്നപോലെ പ്രവർത്തകർ കൂറ്റൻ മാലപ്പടക്കത്തിന് തീകൊളുത്തി. ടാർ മണം മാറാത്ത പുത്തൻ റോഡരികിൽ പടക്കം പൊട്ടിത്തീരും വരെ സ്ഥാനാർഥിയുടെ കാത്തിരിപ്പ്.
ജീപ്പിൽ ഉറപ്പിച്ച മൈക്കിൽ പ്രസംഗം തുടങ്ങും മുമ്പ് തന്നെ എരഞ്ഞിപ്പാലം, കരിക്കാംകുളം മേഖലയുടെ ചുമതലയുള്ള മുൻ ഡെപ്യൂട്ടി മേയർ പ്രഫ. പി.ടി.അബ്ദുൽ ലത്തീഫിെൻറ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ നിരീക്ഷിക്കാൻ അടുത്ത സ്വീകരണ സ്ഥലമായ വെള്ളൂര്താഴത്തേക്ക്.
സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘങ്ങളോട് ഹൃദയം തുറന്ന് വർത്തമാനം പറഞ്ഞശേഷം 85 കാരൻ പി.പി. പുരുഷോത്തമനിൽനിന്ന് രക്തഹാരം സ്വീകരിച്ച് സ്ഥാനാർഥിയുടെ പ്രസംഗം: 'ആപത്ത് കാലത്ത് ആരെങ്കിലും കൂടെയുണ്ടാവുമെന്നു പറഞ്ഞാൽ നമുക്ക് എന്ത് ആശ്വാസമാണ്.
പറയുക മാത്രമല്ല, പ്രവർത്തിക്കുക കൂടി ചെയ്തു സർക്കാർ. വേറെ വർത്താനമില്ല. ചെയ്തോളണമെന്നു പറഞ്ഞാൽ ചെയ്തോളണം. മുഖ്യമന്ത്രിയുടെ ഈ നിലപാടാണ് കാര്യങ്ങൾ നടപ്പാകാൻ കാരണം. അതേസ്ഥാനത്ത് ഗ്യാസിന് 400 രൂപയാക്കുമെന്നുപറഞ്ഞ ബി.ജെ.പി 800 രൂപക്ക് മുകളിലാക്കി.
ങ്ങള് നോക്കിക്കോ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാണ് ഇനിയും കൂട്ടാൻ. ഞാനിവിടെത്തന്നെയുണ്ടാവും പ്രദീപ്കുമാർ നടപ്പാക്കിയ വികസനത്തിന് തുടർച്ചകളുമായി -സ്ഥാനാർഥി ഇങ്ങനെ പ്രസംഗം തുടർന്നപ്പോൾ സമയക്കുറവിനെപ്പറ്റി എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം അഡ്വ. എം.പി സൂര്യനാരായണെൻറ ഓർമപ്പെടുത്തൽ.
പ്രസംഗം നിർത്തിയപ്പോൾ ചുറ്റും കൂടിയ കുടുംബങ്ങളിൽനിന്ന് അഞ്ചു വയസ്സുകാരൻ അമലിന് സെൽഫിയെടുക്കണമെന്ന് ആഗ്രഹം. സെൽഫിക്കുവഴങ്ങി വീണ്ടും സൗഹൃദങ്ങൾ പുതുക്കി അടുത്ത കേന്ദ്രത്തിലേക്ക്.
16 മണ്ഡലങ്ങളിലായി കക്കാട്ടുവയൽ, കരുവശ്ശേരി പാല് സൊസൈറ്റി, കാരൂര്‍ താഴം, ജനതാറോഡ്, കളത്തില്‍ താഴം, വേേങ്ങരി, തണ്ണീര്‍പന്തല്‍, കണ്ണാടിക്കല്‍ വടക്കെവയല്, തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍, ലാൽസ്റ്റോര് ചുള്ളിയാട്, കിഴക്കന്തിരുത്തി, സി.ഡി.എ കോളനി എന്നിവിടങ്ങളിലെല്ലാം വോട്ടുതേടി കൊട്ടാരം റോഡ് ജങ്ഷനിലാണ് പര്യടനം രാത്രി തീർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.