കോഴിക്കോട് ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്
text_fieldsകോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പുമായും ഉയർത്തുന്നതിന്റെ പ്രഖ്യാപനം വത്തിക്കാനിലും കോഴിക്കോട് രൂപത ആസ്ഥാനത്തും വായിച്ചശേഷം തലശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഡോ. വർഗീസ് ചക്കാലക്കലിനു ഹസ്തദാനം നൽകുന്നു (ഫോട്ടോ- പി. അഭിജിത്ത്)
കോഴിക്കോട്: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വത്തിക്കാനിൽ നടന്ന മാർപാപ്പയുടെ പ്രഖ്യാപനം തൽസമയം തന്നെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തലശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വർഗീസ് ചക്കാലക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. ഇതുമായി ബന്ധപ്പെട്ട വൈദിക ചടങ്ങുകൾ ഉടനുണ്ടാകും.
കോഴിക്കോട് രൂപതയുടെ ചരിത്രപ്രാധാന്യവും വിശ്വാസപാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി, മെത്രാന്മാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പ അതിരൂപത പദവിയിലേക്ക് കോഴിക്കോട് രൂപതയെ ഉയർത്തിയത്.
വരാപ്പുഴക്കും തിരുവനന്തപുരത്തിനും പിന്നാലെ കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയായി ഇതോടെ കോഴിക്കോട് മാറി. വരാപ്പുഴ അതിരൂപതയെ വിഭജിച്ച് കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയൊരു പ്രവിശ്യക്ക് രൂപം നൽകിയത്. 1923 ജൂണ്‍ 12നാണ് കോഴിക്കോട് രൂപത നിലവില്‍വന്നത്. 102 വര്‍ഷമാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്. തൃശൂര്‍ സ്വദേശിയായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 2012ലാണ് കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. ഷൊർണൂർ മുതൽ കാസർകോട് വരെയാണ് കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശം.
ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ട ഡോ. വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തലശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മാല്യം അണിയിച്ച് സ്വീകരിച്ചു. താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെ വൈദികർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എം.കെ. രാഘവൻ എം.പി, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ രൂപത ആസ്ഥാനത്തെത്തി ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആശംസയറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.