കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായി
text_fieldsമലപ്പുറം: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വന്നതോടെ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് അംഗീകാരമായി. അലൈന്‍മെൻറില്‍ ആക്ഷേപമുള്ളവര്‍ക്ക് ഈ മാസം 21 വരെ രേഖാമൂലം പരാതി നല്‍കാം.
കോഴിച്ചെനയിലെ ദേശീയപാത ഏറ്റെടുക്കല്‍ വിഭാഗം ഓഫിസില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് കൗണ്ടര്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. ആക്ഷേപമുള്ളവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ പരാതികള്‍ നല്‍കാം. പരാതികള്‍ തീര്‍പ്പാക്കിയ ശേഷമാകും അലൈന്‍മെൻറ് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.
തുടര്‍ന്ന് മൂന്ന് ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷമാകും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ചെയ്യുക. ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മരങ്ങള്‍ക്കും വെവ്വേറെ നഷ്ടപരിഹാരം നല്‍കും. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് നഷ്ടപരിഹാരം നല്‍കുക.
ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണ ചുമതല പാലക്കാട് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ക്കാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പാത കടന്നുപോകുന്ന ഓരോ ജില്ലയിലും ഡെപ്യൂട്ടി കലക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 52.96 കിലോമീറ്റര്‍ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റര്‍ പാലക്കാടും 6.48 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലുമാണ്. നിലവിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതക്ക് സമാന്തരമായി കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലൂടെയാണ് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കടന്നുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.