കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത: ആഗസ്റ്റ് 30നകം ഭൂമി ഒഴിയേണ്ടി വരും
text_fieldsമഞ്ചേരി: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾ ആഗസ്റ്റ് 30നകം ഭൂമി ഒഴിയേണ്ടി വരും. 4012 കൈവശങ്ങളാണ് ഗ്രീൻഫീൽഡ് പാതക്കായി ഏറ്റെടുക്കുന്നത്. വിലനിർണയത്തിന്റെ ഭാഗമായുള്ള കെട്ടിട പരിശോധനയും ഭൂമിയുടെ വിലനിർണയവും അന്തിമഘട്ടത്തിലാണ്.
ജൂണിൽ നഷ്ടപരിഹാര നിർണയം പൂർത്തിയാകും. 29നകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാര നിർണയ ഉത്തരവ് കൈമാറും. പിന്നീട് രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നൽകുക. ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് കൃത്യസമയത്ത് നൽകിയാൽ ആഗസ്റ്റ് 30 വരെ മാത്രമാകും ഉടമകൾക്ക് അവരുടെ ഭൂമിയിൽ തങ്ങാനാകുക.
ഉടമകൾക്കെല്ലാം വെവ്വേറെ ഉത്തരവുകൾ നൽകും. ഇവർ ഒഴിഞ്ഞ് രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പറഞ്ഞു. ഭൂമി, കെട്ടിടം, മരങ്ങൾ, കാർഷിക വിളകൾ തുടങ്ങിയവയുടെ കണക്കും നഷ്ടപരിഹാരം സംബന്ധിച്ച വിശദ വിവരങ്ങളും വിലനിർണയ ഉത്തരവിലൂടെ ഉടമകളെ ബോധ്യപ്പെടുത്തും.
നഷ്ടപരിഹാരം നൽകുന്നതിനായി 2467 കോടി രൂപ ആവശ്യപ്പെട്ട് ഗ്രീൻഫീൽഡ് സ്ഥലമേറ്റെടുക്കൽ വിഭാഗം ദേശീയ പാത അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 200 കോടിയാണ് അനുവദിക്കുകയെന്നാണ് വിവരം. എല്ലാ രേഖകളും സമർപ്പിച്ച കെട്ടിട-സ്ഥല ഉടമകൾക്ക് ആയിരിക്കും ആദ്യം തുക നൽകുക. മലപ്പുറം ജില്ലയിൽ 238 ഹെക്ടർ ഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്.
വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരകുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് എന്നീ 15 വില്ലേജുകളിലൂടെയാണ് പുതിയ ദേശീയ പാത. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാതക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 52.96 കിലോമീറ്റര്‍ ദൂരമാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.