കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത: ഭൂമി വേർതിരിക്കാൻ മാപ്പ് ശേഖരണം പൂർത്തിയായി
text_fieldsപെരിന്തൽമണ്ണ: കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന സ്ഥലം കണ്ടെത്താനുള്ള പ്രാഥമിക നടപടിയായ മാപ്പ് ശേഖരണം പൂർത്തിയായി. ഡി.പി.ആർ കൺസൽട്ടൻറ് പാത പോവുന്ന സ്ഥലങ്ങളുടെ വിശദാംശം ദേശീയപാത അതോറിറ്റിക്ക് നൽകുകയും ഇത് ലാൻഡ് അക്വിസിഷന് കൈമാറി തുടർന്ന് ഗസറ്റിൽ വിജ്ഞാപനം ഇറക്കുകയും ചെയ്യും. വില്ലേജ് മാപ്പിൽനിന്ന് മാപ്പ് ശേഖരിച്ച് ഏരിയ നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. ഗസറ്റിൽ വരുന്നതോടെയാണ് മൂന്ന് -എ വിജ്ഞാപനമിറങ്ങുക.
വിജ്ഞാപന തീയതി മുതൽ പ്രസ്തുത ഭൂമിയിൽ നിർമാണാനുമതിയും കൈമാറ്റവും റദ്ദാവും. ഇതിനായി വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തിയാൽ 21 ദിവസം വരെ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ വഴി സർക്കാറിൽ പരാതി നൽകാം.
21 ദിവസം കഴിഞ്ഞ ശേഷമേ പ്രസ്തുത ഭൂമിയിലേക്ക് ദേശീയപാത അതോറിറ്റിക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ശേഷം മൂന്ന് -ബി വിജ്ഞാപനം വരുന്നതോടെ ഭൂമിയിൽ പ്രവേശിക്കാനും മൂന്ന് -സി വിജ്ഞാപനത്തോടെ ഭൂമിയിൽ സർവേ നടത്താനും അനുമതിയാവും. ഇപ്പോൾ വേർതിരിച്ചെക്കുന്ന സർവേ നമ്പറുകൾ പൂർണാർഥത്തിൽ ശരിയാവണമെന്നില്ല. സർവേ നടപടി പൂർത്തിയായാൽ മാത്രമേ പാത കടന്നുപോവുന്ന സ്ഥലം കൃത്യമായി വേർതിരിക്കാനാവൂ.
ഒരു വർഷത്തിനകം സർവേ വരെയുള്ള പ്രവർത്തനങ്ങൾ തീർക്കേണ്ടതിനാൽ പദ്ധതിക്ക് അനുവദിച്ച ഫണ്ടുതന്നെ പാഴാവും. സർവേ നടത്തി പുതിയ സ്കെച്ചാക്കി ജില്ല സർവേ ഓഫിസർ പുതിയ നമ്പർ നൽകും. ഇതിന് വില നിശ്ചയിച്ച് പണം നൽകുന്നതടക്കം നടപടികൾ ഭൂമി ഏറ്റെടുത്ത് പാത പൂർത്തിയാവുന്നതുവരേക്ക് 7961.27 കോടിയാണ് ചെലവ് കണക്കാക്കുന്നത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർമാരെ നിശ്ചയിച്ച് ജൂൺ 17ന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഭൂമിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ അവയുടെ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കലാണ് അക്വിസിഷൻ ഓഫിസർമാരുടെ ചുമതല.
കോഴിക്കോട് ബൈപാസിൽ പന്തീരാങ്കാവ് വില്ലേജിൽനിന്ന് ആരംഭിച്ച് പെരുമണ്ണ, വാഴയൂർ, എടവണ്ണപ്പാറ, ചീക്കോട്, അരീക്കോട്, കണ്ടാലപ്പറ്റ, കാരക്കുന്ന്, എളങ്കൂർ, ചെമ്പ്രശേരി, ഒടോംപറ്റ, തുവ്വൂർ, ഇരിങ്ങാട്ടിരി, എടത്തനാട്ടുകര, മണ്ണാർക്കാട്, പൊട്ടശേരി ഒന്ന്, കരിമ്പ, കല്ലടിക്കോട്, മുണ്ടൂർ, ധോണി, മലമ്പുഴ എന്നീ വില്ലേജുകളിലൂടെ കടന്നുപോയി എൻ.എച്ച് 544ൽ അവസാനിക്കുന്നതാണ് പാതയുടെ പ്രാഥമിക രൂപരേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.