പുതിയ കോഴിക്കോട്–പാലക്കാട് ദേശീയപാത വരുന്നു
text_fieldsമുണ്ടൂർ: പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് അലൈൻമെൻറ് തയാറായി. ഇതോടെ പാലക്കാട്-മലപ്പുറം-രാമനാട്ടുകര പാതക്ക് ദേശീയപാത പദവി നഷ്ടമാകും. മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി നഗരങ്ങളെ ഒഴിവാക്കിയുള്ള നാലുവരി ഗ്രീൻഫീൽഡ് പാത നിർമിക്കുന്ന പദ്ധതിയാണ് അതിവേഗത്തിൽ ഒരുങ്ങുന്നത്.
പാലക്കാട് ബൈപാസിൽനിന്ന് മുണ്ടൂർ, കല്ലടിക്കോട്, തെങ്കര വഴി മലപ്പുറം ജില്ലയിലെത്തുന്ന പാത തുവ്വൂർ, കാരകുന്ന്, ചെമ്രക്കാട്ടൂർ, വാഴക്കാട് വഴി പന്തീരാങ്കാവിലെത്തി ദേശീയപാത 66ൽ ചേരുന്ന രീതിയിലാണ് അലൈൻമെൻറ് തയാറാക്കിയത്.
മലപ്പുറം, പാലക്കാട് ജില്ല ആസ്ഥാനങ്ങളിൽ ഈ പാതയില്ല. 123 കിലോമീറ്ററാണ് ദൈർഘ്യം. അലൈൻമെൻറ് റിപ്പോർട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് കലക്ടർമാർക്ക് സമർപ്പിച്ചു. ഇനി ജില്ലയിലെ ജനപ്രതിനിധികൾക്ക് മുൻപിലും അവതരിപ്പിക്കും. തുടർന്ന് സർക്കാർ നിർദേശങ്ങൾകൂടി പരിഗണിച്ച് ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കേന്ദ്രസർക്കാരിെൻറ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാത വികസിപ്പിക്കുന്നത്. ഇതിനുള്ള സാധ്യതാപഠനം നടത്തി വിശദ പദ്ധതിരേഖ തയാറാക്കാൻ ചുമതലപ്പെടുത്തിയ കൺസൽറ്റൻസിയാണ് അലൈൻമെൻറ് തയാറാക്കിയത്.
നേരത്തേ മലപ്പുറം, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി വഴിയുള്ള പാത പരിഗണിച്ചിരുന്നെങ്കിലും ഉയർന്ന ജനസാന്ദ്രതയും സ്ഥലമേറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പുതിയ അലൈൻമെൻറ് തയാറാക്കുകയായിരുന്നു. നിർദിഷ്ട പാലക്കാട്-കോഴിക്കോട് ദേശീയപാത എടപ്പറ്റ പഞ്ചായത്തിലെ വെള്ളിയഞ്ചേരിയിലാണ് മലപ്പുറം ജില്ലയിലേക്ക് കടക്കുന്നത്. ഇരിങ്ങാട്ടിരി, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി വഴി മഞ്ചേരി കാരക്കുന്നിൽ എത്തും. തുടർന്ന് ചെമ്രക്കാട്ടൂർ, വാഴക്കാട്, വാഴയൂർ പ്രദേശങ്ങളിലൂടെ പന്തീരാങ്കാവിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.