ചായക്കടയുടെ മറവിൽ സമാന്തര 'ടെലിഫോൺ എക്സ്ചേഞ്ച് ' നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
text_fieldsബംഗളൂരു: പകൽ ചായ വിൽപനയും രാത്രിയിൽ സ്വന്തമായി സ്ഥാപിച്ച അനധികൃത ടെലിഫോൺ എക്സ്ഞ്ചേലിലെ ജോലിയും. രാജ്യാന്തര ഫോൺകാളുകൾ ലോക്കൽ കാളുകളാക്കി മാറ്റി നിശ്ചിത തുകക്ക് കാൾസെന്‍ററുകൾക്ക് കൈമാറിയ കോഴിക്കോട് സ്വദേശിയാണ് ബംഗളൂരുവിൽ പിടിയിലായത്.
ചിക്കബാനവാരയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി അഷ്റഫിനെ (33) ആണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കോളുകൾ മാറ്റുന്നതിനായി താമസിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ഉപകരണവും പൊലീസ് പിടിച്ചെടുത്തു. വോയ്സ് ഒാവർ ഇന്‍റർനെറ്റ് പ്രൊട്ടോക്കോൾ (വി.ഒ.ഐ.പി) ഉപയോഗിച്ച് അനധികൃതമായി രാജ്യാന്തര ഫോൺകാളുകൾ ലോക്കൽ കോളുകളായി മാറ്റുന്നത് പഠിച്ചശേഷമാണ് അഷ്റഫ് സ്വന്തമായി ഇത്തരം പരിപാടി ആരംഭിച്ചത്.
രാജ്യത്തെ ടെലികോം സേവനദാതാക്കൾ വൻതുകയീടാക്കി ചെയ്യുന്ന പ്രവൃത്തിയാണ് അഷ്റഫ് അനധികൃതമായി ചെയ്തു വന്നിരുന്നത്. ഇതിലൂടെ ടെലികോം സേവനദാതാക്കൾക്ക് വൻനഷ്ടമാണുണ്ടായിരുന്നത്. വിദേശ കമ്പനികൾക്കു വേണ്ടി ബംഗളൂരുവിൽ നിരവധി കാൾ സെന്‍ററുകൾ പ്രവൃത്തിക്കുന്നുണ്ട്. ഇവർക്ക് വരുന്ന ഭൂരിഭാഗം കസ്റ്റമർ കെയർ കാളുകളും വിദേശത്തു നിന്നായിരിക്കും.
ഇത്തരം കാളുകൾക്ക് ഒന്നുകിൽ വിളിക്കുന്നയാളോ അല്ലെങ്കിൽ കാൾ സെന്‍ററോ തുക അടക്കണം. ടെലികോം സേവനദാതാക്കൾക്ക് തുക നൽകുന്നതിന് പകംര കുറഞ്ഞ നിരക്കിൽ അഷ്റഫിന്‍റെ അനധികൃത ടെലിഫോൺ എക്സ്ഞ്ചിലൂടെ രാജ്യാന്തര കാളുകൾ ലോക്കൽ കാളാക്കി മാറ്റും. 100ലധികം ഇന്ത്യൻ സിംകാർഡുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം വി.ഒ.ഐ.പി ഉപകരണത്തിൽ 560ലധികം കാളുകളാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര കാളുകൾ ലോക്കൽ കാളാക്കി മാറ്റുമ്പോൾ ഒരു മിനുട്ടിന് ആറു രൂപ വെച്ചാണ് അഷ്റഫ് ഈടാക്കിയിരുന്നത്. കേരളത്തിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് ഇതിനായി സിംകാർഡുകളെടുത്തത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അഷ്റഫ് നൽകിയ മൊഴി. പകൽ ചായക്കട നടത്തിയിരുന്ന അഷ്റഫ് രാത്രിയിലാണ് ഫോൺ കാളുകൾ മാറ്റവരുത്തുന്ന പ്രവൃത്തിയിലേർപ്പെട്ടിരുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.