കോഴിക്കോട് ഷിഗെല്ല രോഗബാധയുണ്ടായത് വെള്ളത്തിൽ നിന്ന്; രോഗവ്യാപനം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് രോഗബാധ വെള്ളത്തിൽ നിന്ന് തന്നെയാണെന്ന് കണ്ടെത്തിയത്. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും പഠനറിപ്പോർട്ടിലുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്.
കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയെന്ന് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കൽ താഴത്ത് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 52 പേർക്ക് ലക്ഷണങ്ങളും. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥീരികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.